NEWSROOM

വടക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണം: 73 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

അപകട മേഖലയിൽ ആശയ വിനിമയങ്ങളും ഇൻ്റർനെറ്റ് സേവനങ്ങളും വിച്ഛേദിക്കപ്പെട്ടതിനാൽ രക്ഷാപ്രവർത്തനം തടസപ്പെട്ടതായി ഗാസ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ നഗരത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 73 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയുടെ സിവിൽ ഡിഫൻസ് ഏജൻസിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും നിരവധി പേർ ഇപ്പോഴും അവശി‌ഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

അപകട മേഖലയിൽ ആശയവിനിമയങ്ങളും ഇൻ്റർനെറ്റ് സേവനങ്ങളും വിച്ഛേദിക്കപ്പെട്ടതിനാൽ രക്ഷാപ്രവർത്തനം തടസപ്പെട്ടതായി ഗാസ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു പാർപ്പിട സമുച്ചയം മുഴുവൻ സമരത്തിൽ തകർന്നതായി പലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു.

അതേസമയം കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വീടിനു നേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണം നടക്കുമ്പോൾ ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറയും വീട്ടിലില്ലായിരുന്നുവെന്നും സംഭവത്തിൽ പരുക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും പിഎംഒ ഹ്രസ്വ പ്രസ്താവനയിൽ അറിയിച്ചു. പ്രധാനമന്ത്രിയുടെ വീടിന്‍റെ ഒരു ഭാഗം തകർന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ന് രാവിലെ ലബനനിൽ നിന്ന് തൊടുത്തുവിട്ട മറ്റ് രണ്ട് ഡ്രോണുകൾ തലസ്ഥാന നഗരമായ ടെൽ അവീവ് മേഖലയിലെ വ്യോമ പ്രതിരോധം തകർത്തതായി ഇസ്രയേല്‍ സൈന്യവും അറിയിച്ചു.


തന്നെയും ഭാര്യയേയും വധിക്കാൻ ശ്രമിച്ചത് ഗുരുതരമായ തെറ്റാണെന്നും ഇസ്രയേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർ കനത്ത വില നൽകേണ്ടി വരുമെന്നും നെതന്യാഹു ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക എക്സ് പോസ്റ്റ് വഴിയായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം. തീവ്രവാദികളെയും അവരെ അയക്കുന്നവരെയും ഇസ്രയേൽ വധിക്കും. ബന്ദികളെ ഗാസയിൽ നിന്ന് തിരികെ കൊണ്ടുവരും.

വടക്കൻ അതിർത്തിയിൽ താമസിക്കുന്ന ഇസ്രയേൽ പൗരന്മാരെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരും. രാജ്യത്തിൻ്റെ എല്ലാ യുദ്ധലക്ഷ്യങ്ങളും കൈവരിക്കാനും വരും തലമുറയ്ക്ക് സുരക്ഷ നൽകാനും ഇസ്രയേൽ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. ദൈവത്തിൻ്റെ സഹായത്തോടെ ഒരുമിച്ച് ഞങ്ങൾ പോരാടുമെന്ന് കുറിച്ച് നെതന്യാഹുവിൻ്റെ എക്സ് പോസ്റ്റ് അവസാനിക്കുന്നു.

SCROLL FOR NEXT