NEWSROOM

മയക്കുവെടി വെക്കുന്നത് റിസ്‌കാണെന്ന് ആദ്യമേ അഭിപ്രായം ഉണ്ടായിരുന്നു; ചില ഘട്ടങ്ങളില്‍ ചികിത്സ ഫലിക്കാതെ പോകും: എ.കെ ശശീന്ദ്രന്‍

മയക്കുവെടി താങ്ങാനുള്ള കരുത്ത് ആനയ്ക്ക് ഉണ്ടോയെന്ന സംശയം നേരത്തേ ഉണ്ടായിരുന്നു

Author : ന്യൂസ് ഡെസ്ക്

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആന ചരിഞ്ഞത് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നാണ് പ്രാഥമിക നിഗമനം എന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയേ ഇതില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

ആനയെ മയക്കുവെടി വെക്കുന്നത് റിസ്‌ക് ആണെന്ന അഭിപ്രായം ആദ്യമേ ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മയക്കുവെടി താങ്ങാനുള്ള കരുത്ത് ആനയ്ക്ക് ഉണ്ടോയെന്ന സംശയം നേരത്തേ ഉണ്ടായിരുന്നു. ചില ഘട്ടങ്ങളില്‍ ചികിത്സ ഫലിക്കാതെ വരും. രണ്ട് വര്‍ഷത്തിനിടയില്‍ വന്യമൃഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ 12 ആനകളാണ് ചരിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലായിരുന്ന ആന ചരിഞ്ഞത്. രാവിലെ ഭക്ഷണവും വെള്ളവും കഴിച്ചിരുന്ന ആന ചികിത്സയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളൂവെന്നുമാണ് വാഴച്ചാല്‍ ഡിഎഫ്ഒ അറിയിച്ചത്.

മസ്തകത്തിലെ മുറിവിന് ഒരടിയോളം ആഴമുണ്ടായിരുന്നു. മുറിവില്‍ നിന്നുള്ള അണുബാധ തുമ്പിക്കൈയിലേക്കടക്കം വ്യാപിച്ചിരുന്നു. മുറിവ് ഗുരുതരമായതിനാല്‍ തന്നെ ആനയും വളരെ അവശനായിരുന്നു. കഴിഞ്ഞ ദിവസമാണ് മയക്കുവെടിവെച്ച് ആനയെ ചികിത്സയ്ക്കായി കൊണ്ടുപോയത്. പിടികൂടിയ സമയം തന്നെ മുറിവ് ആഴത്തിലുള്ളതാണെന്നും ജീവന് ഭീഷണിയുണ്ടെന്നും ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയ പറഞ്ഞിരുന്നു.

ജനുവരി 15 നാണ് മസ്തകത്തില്‍ മുറിവേറ്റ നിലയല്‍ കൊമ്പനെ പ്ലാന്റേഷന്‍ തോട്ടത്തില്‍ കണ്ടത്. മസ്തകത്തില്‍ പരിക്കേറ്റ കൊമ്പന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ജനവാസ മേഖലയിലെത്തിയിരുന്നു. മുറിവില്‍ നിന്നും പുഴു അരിച്ചിറങ്ങുന്ന ദയനീയ അവസ്ഥയിലായിരുന്നു കാട്ടാന.

മുറിവ് ഗുരുതരമാണെങ്കിലും മികച്ച ചികിത്സ നല്‍കി ആനയെ തിരിച്ച് കാട്ടിലേക്ക് വിടാനാകുമെന്ന പ്രതീക്ഷയിലായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍. എന്നാല്‍, പ്രതീക്ഷകളെല്ലാം വിഫലമാക്കിയാണ് കൊമ്പന്‍ ചരിഞ്ഞത്.

SCROLL FOR NEXT