NEWSROOM

അതിരപ്പിള്ളി കാട്ടാന ആക്രമണം; അംബികയുടേയും സതീശൻ്റേയും കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം

വാഴച്ചാല്‍ സ്വദേശികളായ അംബിക, സതീഷ് എന്നിവരാണ് ഇന്ന് രാവിലെയോടെ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്

Author : ന്യൂസ് ഡെസ്ക്

അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സതീശന്റേയും അംബികയുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ഇരുവരുടേയും മരണം ആനയുടെ ആക്രമണത്തില്‍ തന്നെയാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സതീശന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


അംബികയുടെ മരണവും കാട്ടാന ആക്രമണത്തെ തുടര്‍ന്നാണ്. മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. ഇരുവരുടേയും കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ഡിഎഫ്ഒ അറിയിച്ചു. ജില്ലാ കളക്ടര്‍ നേരിട്ടെത്തിയാകും തുക നല്‍കുക.

വാഴച്ചാല്‍ സ്വദേശികളായ അംബിക, സതീഷ് എന്നിവരാണ് ഇന്ന് രാവിലെയോടെ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം വഞ്ചിക്കടവില്‍ ആയിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ നാലംഗ സംഘം കാട്ടാനയുടെ മുന്നില്‍പെട്ട് ചിതറി ഓടുകയായിരുന്നു. അംബികയുടെ ഭര്‍ത്താവ് രവിക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

അതിരപ്പിള്ളിയില്‍ 24 മണിക്കൂറിനുള്ളില്‍ മൂന്ന് പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. തുടര്‍ന്ന് നാളെ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നാണ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. 

SCROLL FOR NEXT