NEWSROOM

ഡൽഹിയെ ഇനി അതിഷി നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സുഷ്മ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡൽഹി മുഖ്യമന്ത്രി പദം അലങ്കരിക്കുന്ന മൂന്നാമത്തെ വനിത കൂടിയാണ് അതിഷി

Author : ന്യൂസ് ഡെസ്ക്

ഡൽഹി മുഖ്യമന്ത്രിയായി എഎപി നേതാവ് അതിഷി മർലേന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡൽഹി മുഖ്യമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവാണ് അതിഷി. സുഷ്മ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡൽഹി മുഖ്യമന്ത്രി പദം അലങ്കരിക്കുന്ന മൂന്നാമത്തെ വനിത കൂടിയാണ് അതിഷി.

അതിഷി ഉൾപ്പെടെ ആറു മന്ത്രിമാരുടെ സത്യപ്രതിജ്ഞയാണ് രാജ് നിവാസിൽ നടന്നത്. ഗോപാല്‍ റായ്, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്‌ലാവത് എന്നിവരാണ് പുതുതായി സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാർ. കെജ്‌രിവാൾ മന്ത്രിസഭയിലുണ്ടായിരുന്ന ഗോപാല്‍ റായ്, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരെ നിലനിർത്തിക്കൊണ്ടാണ് പുതിയ മന്ത്രിസഭാ അഴിച്ചുപണി. കെജ്‌രിവാൾ മന്ത്രിസഭയിൽ ഏഴുപേരായിരുന്നെങ്കിൽ അതിഷി മന്ത്രിസഭയിൽ ആറു പേർ മാത്രമേയുള്ളൂ.

READ MORE: തിരുപ്പതി ലഡു വിവാദം അയോധ്യയിലേക്ക്; പ്രാൺപ്രതിഷ്ഠ ചടങ്ങിൽ 300 കിലോഗ്രാം പ്രസാദം വിതരണം ചെയ്തെന്ന് മുഖ്യപുരോഹിതൻ

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെയാണ് അരവിന്ദ് കെ‌ജ്‌രിവാൾ രാജി പ്രഖ്യാപിച്ചത്. ആംആദ്മി രാഷ്ട്രീയകാര്യ സമിതിയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാൾ അതിഷിയുടെ പേര് നിർദേശിക്കുകയായിരുന്നു. മുതിർന്ന നേതാവ് മനീഷ് സിസോദിയ അടക്കം പിന്തുണ പ്രഖ്യാപിച്ചതോടെ ഡൽഹി മുഖ്യമന്ത്രിയായി അതിഷിയെ പ്രഖ്യാപിക്കുകയായിരുന്നു.

SCROLL FOR NEXT