NEWSROOM

ഡൽഹിയുടെ വികസനത്തിൽ തടയിടുന്നു; സത്യപ്രതിജ്ഞക്കു ശേഷമുള്ള ആദ്യ പ്രതികരണത്തിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് അതിഷി

കെജ്‌രിവാളിനെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെത്തിക്കണെമെന്നും അതിഷി ജനങ്ങളോട് അഭ്യർത്ഥിച്ചു

Author : ന്യൂസ് ഡെസ്ക്

ഡൽഹി മുഖ്യമന്തിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യ പ്രതികരണത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് അതിഷി. ഡൽഹി ഗവർണർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. കെജ്‌രിവാളിനെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെത്തിക്കണെമെന്നും അതിഷി ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്തതിന് കെജ്‍രിവാളിനോട് നന്ദി പറഞ്ഞാണ് അതിഷി ആരംഭിച്ചത്. കെജ്‌രിവാളിനെതിരെ ബിജെപിയും ഡൽഹി ഗവർണറും ഗൂഢാലോചന നടത്തുകയാണെന്നും കള്ളക്കേസിൽ കുടുക്കുകയാണെന്നും അതിഷി ആരോപിച്ചു. കെജ്‍രിവാൾ ജയിലിൽ നിന്ന് പുറത്തുവന്നതിനാൽ ബിജെപിയുടെ ഒരു ഗൂഢാലോചനയും ഇനി വിജയിക്കാൻ അനുവദിക്കില്ലെന്നും അതിഷി പറഞ്ഞു. ഡൽഹിയുടെ വികസനം തടയാനാണ് ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിൽ ഡൽഹിയുടെ പ്രതിച്ഛായ മാറ്റിമറിച്ച ആളാണ് കെജ്‍രിവാൾ. അതിനാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കെജ്‌രിവാളിനെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെത്തിക്കാൻ ജനങ്ങൾ ഒപ്പമുണ്ടാകണമെന്നും അതിഷി അഭ്യർഥിച്ചു.

കെജ്‌രിവാളിൻ്റെ പിൻഗാമിയായി സ്ഥാനമേറ്റെടുത്ത അതിഷി ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി കൂടിയാണ്. മുഖ്യമന്ത്രിയ്ക്കൊപ്പം അഞ്ച് പേരാണ് ഇന്ന് സത്യവാചകം ചൊല്ലി അധികാരമേറ്റത്. കെജ്‌രിവാള്‍ മന്ത്രിസഭയിലെ ഗോപാല്‍ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, ഉത്തര-പൂര്‍വ ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ ദളിത് മുഖവും പുതുമുഖവുമായ സുല്‍ത്താന്‍പുര്‍ മജ്‌റ എംഎല്‍എ മുകേഷ് അഹ്ലാവത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ കെജ്‌രിവാള്‍ അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തിരുന്നു.

SCROLL FOR NEXT