കൊൽക്കത്തയിൽ യുവ ഡോക്ടർ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ നിരവധി പേർ പങ്കെടുത്തെന്നും ഇവരെ അന്വേഷിച്ച് വരുകയാണെന്നും പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രിയാണ് ജൂനിയർ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡോക്ടർമാരടങ്ങിയ സംഘം മെഡിക്കല്‍ കോളേജിനു മുന്നില്‍ തടിച്ചു കൂടിയത്. ഇതിനിടയിലേക്ക് പുറത്തു നിന്നുള്ളവരെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഓഗസ്റ്റ് 14 ന് രാത്രിയിലുണ്ടായ സംഭവങ്ങളില്‍ മൂന്ന് കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ 12 പേരില്‍ 10 പേരെയും കോടതിയില്‍ ഹാജരാക്കി. ഇവരെ കോടതി ഒരാഴ്ചത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
അതേസമയം, ഡോക്ടറുടെ കൊലപാതകത്തിൽ മെഡിക്കൽ വിദ്യാർഥികളുടേയും ഡോക്ടർമാരുടെ സംഘടനകളുടേയും സമരം തുടരുകയാണ്. ഐഎംഎ ശനിയാഴ്ച 24 മണിക്കൂർ ദേശവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ 6ന് ആരംഭിക്കുന്ന പണിമുടക്ക് ഞായറാഴ്ച രാവിലെ വരെ നീളും. ഡൽഹിയിലെ റെസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷൻ ഇന്ന് നിർമാൺ ഭവനിലേക്ക് മാർച്ച് നടത്തും. അത്യാഹിത വിഭാഗത്തിന്‍റെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിലാകും സമരം. ആർ ജി കർ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾ നടത്തുന്ന സമരവും തുടരുകയാണ്. ഇവർക്ക് പിന്തുണയുമായി പശ്ചിമ ബംഗാളിലെ ചലച്ചിത്ര മേഖലയിലുള്ളവർ സമരപ്പന്തലിൽ എത്തിയിരുന്നു. കേരളത്തിലും പിജി ഡോക്ടര്‍മാരും സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും സമരത്തിലാണ്.