NEWSROOM

ഇനി കുടചൂടി പുറത്തിറങ്ങേണ്ട; നീലേശ്വരത്ത് നാട്ടുകാരെ ആക്രമിച്ച പരുന്തിനെ പിടികൂടി

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമാണ് കൊത്തേറ്റത്. മൂന്ന് തവണ കൊത്തേറ്റവര്‍ വരെ പ്രദേശത്തുണ്ട്.

Author : ന്യൂസ് ഡെസ്ക്


ഒരു നാടിനാകെ തലവേദനയായ കൃഷ്ണപരുന്തിനെ കൂട്ടിലാക്കി. കാസര്‍ഗോഡ് നീലേശ്വരം എസ്.എസ്.കലാമന്ദിറിന് സമീപത്താണ് നിരവധിപ്പേരെ ആക്രമിച്ച പരുന്ത് പിടിയിലായത്. ഒരു തവണ പിടികൂടി നാടുകടത്തിയ പരുന്ത് തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി നിലേശ്വരം ടൗണിന് സമീപത്തെ എസ്.എസ്. കലാമന്ദിറിന് സമീപത്തുള്ളവര്‍ കുടചൂടിയാണ് പുറത്തിറങ്ങാറ്. ഏത് നിമിഷവും പറന്നെത്തി അക്രമിക്കുന്ന പരുന്തില്‍ നിന്ന് രക്ഷനേടാനായാണ് പലരും കുടചൂടി എത്തുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമാണ് കൊത്തേറ്റത്. മൂന്ന് തവണ കൊത്തേറ്റവര്‍ വരെ പ്രദേശത്തുണ്ട്.


പ്രദേശ വാസിയായ പ്രസാദാണ് പരുന്തിനെ പിടികൂടിയത്. പരുന്ത് മനുഷ്യരോട് ഇണങ്ങുന്ന രീതിയില്‍ നില്‍ക്കുന്ന പരുന്താണ്. കുറേ ദിവസമായി ഇവിടെ ഒക്കെ തന്ന പരുന്ത് ഉണ്ട്. ഇന്ന് രാവിലെയും വീട്ടിലുള്ള ചെറിയ അലമാരയില്‍ വന്ന് ഇരിക്കുന്നുണ്ടായിരുന്നു. അടുത്ത് ചെന്നപ്പോള്‍ പറന്നില്ല. പഴം കൊടുത്തപ്പോള്‍ തിന്നു. ഈ സമയം കൈലി മുണ്ട് എടുത്ത് ഇതിന്റെ മേലിട്ട് പിടികൂടുകയായിരുന്നുവെന്ന് പ്രസാദ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

ജനുവരി 26 ന് പിടികൂടി കര്‍ണാടക വനത്തില്‍ ഉപേക്ഷിച്ച അതേ പരുന്താണ് വീണ്ടും എത്തിയത്. ഇന്ന് രാവിലെ പ്രദേശവാസിയായ പ്രസാദാണ് പരുന്തിനെ പിടികൂടി നാടിന്റെ നായകനായി മാറിയത്. പിടികൂടിയ പരുന്തിനെ വനം വകുപ്പിന് കൈമാറി. എന്നാല്‍ കഴിഞ്ഞ തവണ നടന്ന തിരിച്ചുവരവ് ആവര്‍ത്തിക്കുമോ എന്ന ആശങ്ക പ്രദേശവാസികള്‍ക്കുണ്ട്.

ഒരു തവണ തിരിച്ചു വന്ന സാഹചര്യത്തില്‍ പരുന്തിനെ നിരീക്ഷിച്ച ശേഷമാകും തുറന്നു വിടുന്ന കാര്യത്തില്‍ വനം വകുപ്പ് തീരുമാനത്തിലെത്തുക.

SCROLL FOR NEXT