NEWSROOM

ലഹരിക്കടത്തെന്ന് സംശയം, പൊലീസ് പരിശോധനയെ വെട്ടിക്കാന്‍ ശ്രമിച്ച കാര്‍ തട്ടിയത് മൂന്ന് വാഹനങ്ങള്‍; പ്രതിയെ ഓടിച്ചിട്ട് പിടിച്ചു

വാഹനം ഒക്കലിൽ ഉപേക്ഷിച്ച് കടന്നു കളയാനായിരുന്നു ഇവരുടെ ശ്രമം. മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

Author : ന്യൂസ് ഡെസ്ക്

വാഹന പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ചു കടന്ന കാർ പിടികൂടി പൊലീസ്. അങ്കമാലി എംസി റോഡിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ജീപ്പുൾപ്പെടെ മൂന്നു വാഹനങ്ങളിൽ കാർ ഇടിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേരിൽ ഒരാളെ അങ്കമാലി പൊലീസ് പിടികൂടി. ഇവർ ലഹരി കടത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.


ഇന്നലെ രാത്രി അങ്കമാലി എംസി റോഡിൽ നടന്ന പൊലീസ് പരിശോധയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് കാർ മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിക്കുന്നത്. പിന്നാലെ പെരുമ്പാവൂർ ഭാഗത്തേക്ക് കുതിച്ച്, വാഹനം ഒക്കലിൽ ഉപേക്ഷിച്ച് കടന്നു കളയാനായിരുന്നു ഇവരുടെ ശ്രമം. ആകെ മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാളെ പൊലീസും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശി റിൻഷാദിനെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ: പെട്ടന്നുണ്ടായ പനിയും ശാരീരിക അസ്വസ്ഥതയും; തിരുവനന്തപുരത്ത് ഏഴു വയസുകാരന്‍റെ മരണത്തിൽ അസ്വഭാവികത

അതേസമയം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടപേരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല.ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. തൊടുപുഴ സ്വദേശികളുടേതാണ് വാഹനമെന്ന സംശയത്തിലാണ് പൊലീസ്. ഒക്കലിൽ ഉപേക്ഷിച്ച വാഹനം പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വാഹനം ഇടിച്ച് മൂന്ന് വാഹനങ്ങൾ തകർന്നെങ്കിലും അപകടത്തിൽ ആർക്കും പരിക്കില്ല. കൂടുതൽ വിവരങ്ങൾക്കായി റിൻഷാദിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

SCROLL FOR NEXT