ഗാസ-ഇസ്രയേൽ യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ, സാമൂഹിക ഐക്യം വർധിപ്പിക്കാനും ജൂത വിരുദ്ധതയെ ചെറുക്കാനും പ്രത്യേക പ്രതിനിധിയെ നിയമിച്ച് ഓസ്‌ട്രേലിയ. കമ്മ്യൂണിറ്റി നേതാക്കളുമായും മറ്റു ഉദ്യോഗസ്ഥരായും കൂടിയാലോചന നടത്തിയാണ് അഭിഭാഷക ജിലിയൻ സെഗാലിനെ ഇതിനായി തെരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി അന്തോണി അൽബാനിസ് വ്യക്തമാക്കി. ജൂത സമൂഹത്തെ പ്രതിനിധീകരിക്കുന്ന നിരവധി സംഘടനകളിൽ പ്രവർത്തിച്ച വ്യക്തിയാണ് സെഗാൽ. അതുകൊണ്ട് തന്നെ അവരുടെ നിയമനം സംഘർഷം ലഘൂകരിക്കാനുള്ള നിർണായക ചുവടുവെയ്പ്പ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ യുഎസ്, കാനഡ, ഗ്രീസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ സമാനമായ നിയമനം നടത്തിയിട്ടുണ്ട്. ഇതേ പാത പിന്തുടരാനാണ് ഓസ്‌ട്രേലിയയും ശ്രമിക്കുന്നത്. കൂടാതെ ഇസ്ലാമോഫോബിയയെ അഭിസംബോധന ചെയ്യാനും പുതിയ പ്രതിനിധിയെ നിയമിക്കുമെന്നും അൽബാനിസ് കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം ഓസ്‌ട്രേലിയയെ സാരമായി ബാധിക്കുന്നുണ്ട്.
ഇതു രാജ്യത്ത് ഇസ്‌ലാമോഫോബിയയും ജൂത വിരുദ്ധതയയും വർധിപ്പിക്കുന്നതായും, ജൂത, മുസ്ലീം സമുദായങ്ങളിൽ നിന്നുള്ള പ്രതിഷേധങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതിനെ തുടർന്നാണ് നടപടി. ഗാസ-ഇസ്രയേൽ യുദ്ധത്തിൽ ഓസ്‌ട്രേലിയക്കാർ ആശങ്കാകുലരാണ്. ഇത്തരം സന്ദർഭങ്ങളിൽ രാജ്യത്തെ എല്ലാ ജനങ്ങളും ഒന്നിച്ചു നിൽക്കണമെന്നും അൽബാനിസ് അഭ്യർത്ഥിച്ചു.