NEWSROOM

അഡ്‌ലെയ്‌ഡിൽ ഇന്ത്യൻ പതനം സമ്പൂർണ്ണം; 10 വിക്കറ്റ് ജയവുമായി പരമ്പരയിൽ ഒപ്പമെത്തി ഓസീസ്

മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ 3.2 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ലക്ഷ്യം കണ്ടു.

Author : ന്യൂസ് ഡെസ്ക്


ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ 10 വിക്കറ്റിന് തകർത്ത് 1-1ന് ഒപ്പമെത്തി ഓസ്ട്രേലിയ. ഇന്ത്യയുടെ രണ്ടാമിന്നിങ്സ് 175 റൺസിൽ അവസാനിച്ചു. അഞ്ച് വിക്കറ്റെടുത്ത പാറ്റ് കമ്മിൻസാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. നിതീഷ് കുമാർ റെഡ്ഡിയുടെ ചെറുത്തുനിൽപ്പാണ് ഇന്നിങ്സ് തോൽവിയിൽ നിന്നും ഇന്ത്യയെ കരകയറ്റിയത്.

18 റൺസിൻ്റെ രണ്ടാമിന്നിങ്സ് ലീഡാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ 3.2 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ലക്ഷ്യം കണ്ടു. രണ്ടാമിന്നിങ്സിൽ 42 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ശുഭ്മാൻ ഗിൽ (28), റിഷഭ് പന്ത് (28), യശസ്വി ജയ്സ്വാൾ (24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ബോളണ്ട് മൂന്നും സ്റ്റാർക്ക് രണ്ടും വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ ഒന്നാമിന്നിങ്സിൽ 180 റൺസാണ് നേടിയത്. മറുപടിയായി ട്രാവിസ് ഹെഡ്ഡിൻ്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ (140) ഓസീസ് ഒന്നാമിന്നിങ്സിൽ 337 റൺസ് അടിച്ചുകൂട്ടിയിരുന്നു.

പെർത്തിൽ നടന്ന ഒന്നാം ടെസ്റ്റിൽ ജസ്‌പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യ 295 റൺസിന് തകർപ്പൻ ജയം നേടിയിരുന്നു. എന്നാൽ അഡ്‌ലെയ്‌ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ രോഹിത് ശർമയ്ക്ക് കീഴിലുള്ള ഇന്ത്യൻ ടീം ബാറ്റിങ്ങിലും ബോളിങ്ങിലും അമ്പേ പരാജയമാകുന്നതാണ് കണ്ടത്.

നേരത്തെ ഡേ-നൈറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഓസീസ് 157 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് സ്വന്തമാക്കിയത്. ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയും മര്‍നസ് ലെബുഷെയ്നിന്റെ അര്‍ധ സെഞ്ചുറിയുമാണ് ഓസീസ് ഇന്നിങ്സിന് കരുത്ത് പകര്‍ന്നത്. വലിയ സ്കോറിലേക്ക് കുതിക്കുമായിരുന്ന ഓസീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു. ജസ്പ്രീത് ബൂമ്രയും മുഹമ്മദ് സിറാജും നാല് വിക്കറ്റ് വീതവും നിതീഷ് റെഡ്ഡി, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 180 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. 44.1 ഓവര്‍ മാത്രം കളിച്ച ഇന്ത്യ 180 റണ്‍സിനാണ് ഓള്‍ ഔട്ടായത്. ഇന്ത്യന്‍ നിരയില്‍ നാലുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്നുപേര്‍ പൂജ്യത്തിനും പുറത്തായി. ഇന്ത്യന്‍ ബാറ്റിങ് നിരയെ വെള്ളംകുടിപ്പിച്ച സ്റ്റാര്‍ക്ക് 14.1 ഓവറില്‍ ആറ് വിക്കറ്റ് നേടി. സ്കോട്ട് ബോളണ്ട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

SCROLL FOR NEXT