ബോർഡർ-ഗവാസ്കർ ട്രോഫി ക്രിക്കറ്റ് സീരീസിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് മുന്നോടിയായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലനങ്ങൾ കാണുന്നതിൽ നിന്നും കാണികൾക്ക് വിലക്കേർപ്പെടുത്തി. അഡ്‌ലെയ്‌ഡിൽ നടന്ന ചൊവ്വാഴ്ചത്തെ പരിശീലനത്തിനിടയിൽ കാണികളിൽ ചിലർക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ ആ ദിവസം താരങ്ങൾക്ക് പരിശീലനത്തിന് അസൗകര്യം നേരിട്ടതിനെ തുടർന്നാണ് ബിസിസിഐ ഇടപെട്ട് കാണികളെ വിലക്കണമെന്ന് ആവശ്യമുന്നയിച്ചത്.
ചൊവ്വാഴ്ചത്തെ ടീം ഇന്ത്യയുടെ പരിശീലനം കാണാൻ അയ്യായിരത്തോളം കാണികൾ അഡ്‌ലെയ്‌ഡിലെ ഗ്യാലറികളിൽ തിങ്ങിക്കൂടിയിരുന്നു. താരങ്ങൾക്കൊപ്പം ഫോട്ടോ
എടുക്കാനുള്ള അഭ്യർഥനകളും ആർപ്പുവിളികളും വർധിച്ചതിന് പിന്നാലെയാണ് കടുത്ത നടപടിയിലേക്ക് മാനേജ്‌മെൻ്റ് കടന്നത്.
താരങ്ങളുടെ നെറ്റ് പ്രാക്ടീസിനിടെ തൊട്ടടുത്ത് വരെ കാണികളെ പ്രവേശിപ്പിച്ചിരുന്നു. പിങ്ക് ബോൾ ടെസ്റ്റ് മാച്ചിന് മുന്നൊരുക്കം നടത്തുന്നതിനിടെ ഇന്ത്യൻ ബാറ്റർമാരോട് സിക്സും ഫോറും അടിക്കാൻ നിരന്തരം ഗ്യാലറികളിൽ അഭ്യർഥന ഉയർന്നുവന്നു. ചില ഇന്ത്യൻ താരങ്ങളെ അപമാനിക്കുന്ന തരത്തിൽ കാണികളിൽ നിന്ന് പെരുമാറ്റം ഉണ്ടായെന്നും പരാതി ഉയർന്നു.
ഇന്ത്യയിലായാലും ടെസ്റ്റ് മത്സരങ്ങൾക്ക് മുമ്പായി ടീമുകളുടെ പരിശീലനം കാണാൻ കാണികളെ പ്രവേശിപ്പിക്കാറില്ലെന്നും, ടി20, ഏകദിന മത്സരങ്ങൾക്ക് മുന്നോടിയായുള്ള പരിശീലന വേളകളിലേ കാണികളെ പങ്കെടുപ്പിക്കാറുള്ളൂവെന്നും ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
കാണികളുടെ ബാഹുല്യം കാരണം ഇന്ത്യൻ ടീമിൻ്റെ പരിശീലനത്തിന് തടസങ്ങൾ നേരിട്ടതായി പരാതി ലഭിച്ചെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് അധികൃതരും സ്ഥിരീകരിച്ചു. തടസങ്ങൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ ടീമിൻ്റെ പരിശീലന വേദികൾ പൊതുജനങ്ങൾക്കായി തുറന്നിടരുതെന്ന് ബിസിസിഐ അഭ്യർഥിച്ചെന്നും ഓസീസ് അധികൃതർ പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് മാത്രമെ ഇന്ത്യൻ ടീമിൻ്റെ പരിശീലന വേദികളിലേക്ക് പ്രവേശനമുണ്ടാകൂ.