NEWSROOM

ഗാബയിലും ബാറ്റിങ് തകർച്ച; ഇന്ത്യ 51/4 എന്ന നിലയിൽ, ഇക്കുറി രക്ഷകനായി മഴ!

റിഷഭ് പന്തിനെ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയുടെ കൈകളിലെത്തിച്ചതിന് പിന്നാലെ മഴ കളി തടസപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്

ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം. കനത്ത മഴയും വെളിച്ചക്കുറവും മൂലം മൂന്നാം ദിവസത്തെ മത്സരം നേരത്തെ അവസാനിപ്പിച്ചു. ഗാബയിൽ ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് 445 റൺസിൽ അവസാനിച്ചിരുന്നു. 28 ഓവറിൽ 76 റൺസ് വഴങ്ങി ആറ് വിക്കറ്റെടുത്ത ജസ്‌പ്രീത് ബുമ്രയാണ് കംഗാരുപ്പടയ്ക്ക് അൽപ്പമെങ്കിലും ഭീഷണി ഉയർത്തിയത്.

ട്രാവിസ് ഹെഡ് (152), സ്റ്റീവൻ സ്മിത്ത് (101), അലക്സ് ക്യാരി (70) എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് കൂറ്റൻ ഒന്നാമിന്നിങ്സ് സ്കോർ സമ്മാനിച്ചത്. ഇന്ത്യക്കായി സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 17 ഓവറിൽ 51/4 എന്ന നിലയിൽ വലിയ തകർച്ച നേരിടുകയാണ്. ഓസീസിൻ്റെ ഒന്നാമിന്നിങ്സിനേക്കാൾ 394 റൺസിന് പിന്നിലാണ് ഇന്ത്യയിപ്പോൾ.

യശസ്വി ജയ്സ്വാൾ (4), ശുഭ്മാൻ ഗിൽ (1), വിരാട് കോഹ്‌ലി (3), റിഷഭ് പന്ത് (9) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഇന്ത്യക്ക് നഷ്ടമായത്. 33 റൺസെടുത്ത കെ.എൽ. രാഹുലിനൊപ്പം റണ്ണൊന്നുമെടുക്കാത്ത രോഹിത് ശർമയാണ് ക്രീസിൽ. റിഷഭ് പന്തിനെ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയുടെ കൈകളിലെത്തിച്ചതിന് പിന്നാലെ മഴ പെയ്യുകയായിരുന്നു.

SCROLL FOR NEXT