NEWSROOM

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത്

പരിക്കേറ്റ് പിന്മാറിയ പാറ്റ് കമ്മിൻസിൻ്റെ അഭാവത്തിലാണ് സ്മിത്ത് വീണ്ടും ഓസീസ് നായകസ്ഥാനത്ത് എത്തിയത്.

Author : ന്യൂസ് ഡെസ്ക്


ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത്. 2025ലെ ഐസിസി ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇന്ത്യയോട് തോറ്റു പുറത്തായതിന് തൊട്ടുപിന്നാലെയാണ് സ്മിത്തിൻ്റെ ഈ പ്രഖ്യാപനം.

ടെസ്റ്റിലും ടി20യിലും തുടർന്നും കളിക്കുമെന്ന് സ്റ്റീവ് സ്മിത്ത് മത്സര ശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2028 ഒളിംപിക്‌സ് വരെ ക്രിക്കറ്റ് കളിക്കണമെന്നാണ് ആഗ്രഹമെന്നും ഓസീസ് താരം പറഞ്ഞു. പരിക്കേറ്റ് പിന്മാറിയ പാറ്റ് കമ്മിൻസിൻ്റെ അഭാവത്തിലാണ് സ്മിത്ത് വീണ്ടും ഓസീസ് നായകസ്ഥാനത്ത് എത്തിയത്. 

ഇതൊരു മികച്ച യാത്രയായിരുന്നുവെന്നും അതിലെ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചുവെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് നൽകിയ പ്രസ്താവനയിൽ സ്മിത്ത് പറഞ്ഞു. "അതിശയകരമായ നിരവധി നിമിഷങ്ങളും അത്ഭുതകരമായ ഓർമകളും ഉണ്ടായിട്ടുണ്ട്. രണ്ട് ലോകകപ്പുകൾ നേടിയത് ഒരു മികച്ച ഓർമയായിരുന്നു. എനിക്കൊപ്പം ജീവിതയാത്രകൾ പങ്കിട്ട നിരവധി ടീം അംഗങ്ങളും ഉണ്ടായിരുന്നു.. അവരെയെല്ലാം ഈ നിമിഷത്തിൽ ഓർക്കുന്നു," സ്റ്റീവ് സ്മിത്ത് കൂട്ടിച്ചേർത്തു.

ടെസ്റ്റ് ക്രിക്കറ്റിനായിരിക്കും ഇനി എൻ്റെ പ്രഥമ പരി​ഗണന. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൻ്റെ ഫൈനലാണ് മുന്നിലുള്ള ലക്ഷ്യം. പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരെയും ഇം​ഗ്ലണ്ടിനെതിരെയും ടെസ്റ്റ് പരമ്പരകളുണ്ട്. ഓസ്ട്രേലിയൻ ടീമിനായി ടെസ്റ്റ് ക്രിക്കറ്റിൽ ഇനിയും ഒരുപാട് സംഭാവനകൾ നൽകാൻ കഴിയുമെന്നും സ്മിത്ത് പറഞ്ഞു.

ഏകദിന ക്രിക്കറ്റിൽ ഓസീസ് ടീമിനായി 170 മത്സരങ്ങൾ കളിച്ച താരമാണ് സ്മിത്ത്. 5800 റൺസും സ്വന്തമാക്കി. 2015, 2023 ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമിൽ അം​ഗമായിരുന്നു. 64 ഏകദിനങ്ങളിൽ സ്മിത്ത് കംഗാരുപ്പടയുടെ ക്യാപ്റ്റനായിരുന്നു. 32 മത്സരങ്ങൾ വിജയിച്ചപ്പോൾ 28ൽ പരാജയപ്പെട്ടു. നാല് മത്സരങ്ങളിൽ ഫലമില്ലായിരുന്നു.

SCROLL FOR NEXT