NEWSROOM

ആത്മകഥ വിവാദം: ഇ.പി. ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി

കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

ആത്മകഥ വിവാദത്തില്‍ പൊലീസ് ഇ.പി. ജയരാജന്റെ മൊഴി രേഖപ്പെടുത്തി. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. പുസ്തക വിവാദത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുത്തത്. പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ ഇ.പി. ജയരാജനും ഡിസി ബുക്സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യത്തില്‍ ഉള്‍പ്പെടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ആത്മകഥയിൽ തെറ്റായ കാര്യങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെയായിരുന്നു നിയമനടപടി.

കോട്ടയത്ത് നിന്നുള്ള പൊലീസ് സംഘമാണ് മൊഴിയെടുക്കാനായി എത്തിയത്. എഫ്ഐആറിടാതെ ഇ പി ജയരാജന്റെ മൊഴി രേഖപ്പെടുത്തുകയാണ് പൊലീസ് ചെയ്തത്. ഇ.പിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സർക്കാറിനെയും വെട്ടിലാക്കിയിരുന്നു. ‌എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമർശനം. രണ്ടാം പിണറായി സർക്കാർ ദുർബ്ബലമാണെന്നാണ് അടുത്ത വിമർശനം. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി. സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ടായിരുന്നു. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ തൻ്റേതല്ലെന്നായിരുന്നു ജയരാജന്‍റെ പ്രതികരണം.

SCROLL FOR NEXT