പക്ഷിപ്പനി വ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ പക്ഷി വളര്‍ത്തലിന് നിരോധനമേര്‍പ്പെടുത്തേണ്ടി വരുമെന്ന് അറിയിച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. 2025 മാര്‍ച്ച് 25 വരെയായിരിക്കും ആലപ്പുഴയില്‍ താറാവിനെയും കോഴിക്കുഞ്ഞുങ്ങളെയും വളര്‍ത്തുന്നതിന് നിരോധനമേര്‍പ്പെടുത്തേണ്ട സാഹചര്യം വരികയെന്ന് മന്ത്രി അറിയിച്ചു.
വൈറസിന്റെ ശക്തി കുറയുന്നത് വരെ നിയന്ത്രണങ്ങള്‍ വേണ്ടിവരും. ഇതുസംബന്ധിച്ച് കര്‍ഷകരെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. 32 സ്‌പോട്ടുകള്‍ വളരെ നിര്‍ണായകമാണെന്നും മന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുമ്പ് ഉണ്ടായിരുന്നത് പോലെയല്ല, ഇത്തവണ വേറെ തരത്തിലുള്ള വൈറസാണ് ഉണ്ടായത്. പറക്കുന്ന പക്ഷികളിലും വൈറസ് ബാധയുണ്ടായെന്നും ചിഞ്ചു റാണി പറഞ്ഞു. 1,96,000 തറാവുകളെ ഇതുവരെ കൊന്നു. കൊല്ലുന്ന വലിയ കോഴി, താറാവ് ഒന്നിന് 200 രൂപയും 2 മാസം പ്രായമുള്ളതിന് 100 രൂപയും മുട്ടക്ക് 5 രൂപയും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും.
ആലപ്പുഴ ജില്ലക്ക് പുറമെ വൈക്കം, മല്ലേപ്പള്ളി, അടൂര്‍, ചങ്ങനാശ്ശേരി എന്നീ താലൂക്കുകളിലും താറാവുകളെയും കോഴിക്കുഞ്ഞുങ്ങളെയും വളര്‍ത്തുന്നതിന് നിയന്ത്രണമുണ്ടാകും. കര്‍ഷര്‍ക്ക് ഇതുവരെ 30 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കര്‍ഷകരെ സഹായിക്കാന്‍ പക്ഷിപ്പനി ജീവനോപാധി പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗിനെ കണ്ട് ചിഞ്ചുറാണി നിവേദനം നല്‍കി.
നിയന്ത്രണങ്ങള്‍ പരിപാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്താന്‍ പൊലീസിന്റെ സഹായം ഉറപ്പാക്കും. മുഖ്യമന്ത്രിയോടും ജില്ലയിലെ എംഎല്‍എ മാരോടും സ്ഥിതിഗതികള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.