NEWSROOM

ഒരാഴ്ചക്കിടെ 70 ബോംബ് ഭീഷണികൾ! എയർലൈൻ സിഇഒമാരുമായി യോഗം ചേർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ

ബിസിഎഎസും ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ ചേർന്ന് ബോംബ് ഭീഷണി നേരിടാൻ വിമാനക്കമ്പനികൾക്ക് പുതിയ മാർഗനിർദേശങ്ങൾ നൽകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ എയർലൈനുകൾക്ക് നേരെ ഉയരുന്ന നിരന്തര ഭീഷണികൾക്ക് പിന്നാലെ എയർലൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുമായി യോഗം ചേർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ. രാജ്യത്തെ വിമാനങ്ങൾക്ക് നേരെ ആറ് ദിവസത്തിനുള്ളിൽ 70 ബോംബ് ഭീഷണികളാണ് ഉയർന്നത്. ഏവിയേഷൻ സേഫ്റ്റി ബോഡി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഉദ്യോഗസ്ഥരും വിവിധ എയർലൈൻസിൻ്റെ സിഇഒകളുമാണ് ശനിയാഴ്ച ന്യൂഡൽഹിയിൽ യോഗം ചേർന്നത്.

രാജീവ് ഗാന്ധി ഭവനിലെ വ്യോമയാന മന്ത്രാലയത്തിൻ്റെ ഓഫീസിൽ വെച്ചായിരുന്നു യോഗം. യോഗത്തിൽ യാത്രക്കാർക്ക് അസൗകര്യവും എയർലൈനുകൾക്ക് നഷ്ടവും ഉണ്ടാക്കുന്ന ഭീഷണികൾ നേരിടാൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) പാലിക്കാൻ സിഇഒമാരോട് ആവശ്യപ്പെട്ടതായി ബിസിഎഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഭീഷണികളെക്കുറിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചും അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.


ബിസിഎഎസും ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) ചേർന്ന് ബോംബ് ഭീഷണി നേരിടാൻ വിമാനക്കമ്പനികൾക്ക് പുതിയ മാർഗനിർദേശങ്ങൾ നൽകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ശനിയാഴ്ച മാത്രം വിവിധ വിമാനക്കമ്പനികൾ നടത്തുന്ന വിമാനങ്ങൾക്ക് നേരെ 30 ലധികം ബോംബ് ഭീഷണികൾ ഉയർന്നു. ഇതുവരെയുള്ള അന്വേഷണത്തിൽ, ലണ്ടൻ, ജർമ്മനി, കാനഡ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ഐപി വിലാസങ്ങളിൽ നിന്നാണ് ഭീഷണികൾ വന്നതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, തങ്ങളുടെ യഥാർഥ ലൊക്കേഷനുകൾ മറയ്ക്കാനായി കുറ്റവാളികൾ വിപിഎൻ ഉപയോഗിക്കുകയായിരാക്കാമെന്ന സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ തള്ളിയിട്ടില്ല.


തിങ്കളാഴ്ച മുതലാണ് സോഷ്യൽ മീഡിയയിലൂടെയും വ്യാജ കോളുകളിലൂടെയും ഭീഷണികൾ എത്തിയത്. തുടർന്ന് എല്ലാ ദിവസവും ഭീഷണികളുണ്ടായി. ഭീഷണിക്ക് പിന്നാലെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ വൈകുകയോ ചെയ്തിരുന്നു. 



SCROLL FOR NEXT