NEWSROOM

"അവബോധമാണ് പ്രധാനം, വിഷയത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കണം"; പെരിനാറ്റൽ സൈക്കോസിസിൽ പ്രതികരണവുമായി കെ.കെ. ശൈലജ

മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരിൽ യഥാർഥ കുറ്റവാളികൾ രക്ഷപ്പെടരുതെന്നും കെ.കെ. ശൈലജ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

അതിസങ്കീർണമായ മാനസിക സമ്മർദത്തിൽ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലേണ്ടിവന്ന അമ്മമാർ. പെരിനാറ്റൽ സൈക്കോസിസിനെ കുറിച്ച് വിവരിക്കുന്ന ന്യൂസ് മലയാളത്തിൻ്റെ പ്രത്യേക പരമ്പരയിൽ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സമൂഹത്തിൻ്റെ താഴെ തട്ടിലുള്ളവർ മുതൽ വിഷയത്തിൽ ബോധവാന്മാരായിക്കണം. മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരിൽ യഥാർഥ കുറ്റവാളികൾ രക്ഷപ്പെടരുതെന്നും കെ.കെ. ശൈലജ പറഞ്ഞു.

കേരളത്തിൻ്റെ ആരോഗ്യമേഖല ഇത്രയും മെച്ചപ്പെട്ടിട്ടും എന്തുകൊണ്ട് പെരിനാറ്റൽ സൈക്കോസിസ് എന്ന വിഷയം ഗൗരവമായി എടുത്തില്ലെന്നത് അത്ഭുതമാണെന്ന് കെ.കെ. ശൈലജ പറഞ്ഞു. ന്യൂസ് മലയാളം പുറത്തുകൊണ്ടുവന്ന വാർത്ത വാർത്ത പരമ്പരയെക്കുറിച്ചായിരുന്നു മുൻ ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതികരണം.

ഒൻപത് മാസത്തോളം കഠിനമായ വേദന സഹിച്ച് ജനിപ്പിക്കുന്ന കുഞ്ഞുങ്ങളെ എന്തുകൊണ്ട് അമ്മമാർ കൊല്ലുന്നു? ഈ ചോദ്യത്തിനുത്തരമായി കാമുകൻമാരോടൊപ്പം ഒളിച്ചോടുക, ദാരിദ്ര്യം, ഭർത്താവുമായുള്ള പ്രശ്നങ്ങൾ ഒക്കെയാണ് സർക്കാരും ജനങ്ങളും കണ്ടുപിടിച്ചത്. എന്നാൽ അതീവശ്രദ്ധ കൊടുക്കേണ്ട ഒരു മാനസിക പ്രശ്നമാണ് ഇതെന്ന തിരിച്ചറിവാണ് ജനങ്ങൾക്ക് നൽകേണ്ടത്. വിഷയത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നാണ് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറയുന്നത്.

ആരോഗ്യമേഖലയിലും പൊതുസമൂഹത്തിനിടയിലും പെരിനാറ്റൽ സൈക്കോസിസിനെ കുറിച്ച് ബോധ്യമുണ്ടാക്കണം. തിരക്ക് പിടിച്ച ആരോഗ്യമേഖലയിൽ ജോലിഭാരം വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ ഗർഭാനന്തര വിഷാദം കണ്ടെത്തുന്നത് പ്രയാസമാണെന്നും ശൈലജ ടീച്ചർ പറഞ്ഞു. നിലവിലെ നിയമങ്ങൾ പരിഷ്കരിക്കുകയും നല്ല രീതിയിൽ നടപ്പാക്കുകയും വേണം. കുഞ്ഞുങ്ങളെ കൊല്ലുന്ന എല്ലാ അമ്മമാർക്കും ഗർഭാനന്തര മാനസിക വിഷാദം ഉണ്ടാകണമെന്നില്ല, മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരിൽ യാഥാർഥ കുറ്റവാളികൾ രക്ഷപ്പെടരുതെന്നും ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു.

പ്രശ്നങ്ങളെ ഗൗരവമായി പഠിക്കാൻ ഡോക്ടർമാർ തയ്യാറാകണമെന്നാണ് ഡോ. സുൽഫി നൂഹു ന്യൂസ് മലയാളം വാർത്ത പരമ്പരയിൽ പ്രതികരിച്ചത്. പ്രസവശേഷം അമ്മമാരോട് 10 മിനിട്ട് എങ്കിലും സംസാരിക്കാൻ ഡോക്ടർമാർ ശ്രമിക്കണം..ആ വിധത്തിൽ പൊതുജനാരോഗ്യം മാറണമെന്നും ഡോക്ടർ പറയുന്നു.

SCROLL FOR NEXT