മുഹമ്മദ് അസ്ഹറുദ്ദീന്‍ 
NEWSROOM

ഉപ്പല്‍ സ്റ്റേഡിയം സ്റ്റാൻഡിൽ നിന്ന് അസ്ഹറുദ്ദീന്റെ പേര് നീക്കം ചെയ്യും; കോടതിയെ സമീപിക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ എത്തിക്സ് ഓഫീസറും ഓംബുഡ്സ്മാനുമായ ജസ്റ്റിസ് വി. ഈശ്വരയ്യ ശനിയാഴ്ചയാണ് ഉത്തരവിറക്കിയത്

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദിലെ ഉപ്പലിലുള്ള രാജീവ് ​ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സ്റ്റാൻഡിന് മുൻ ഇന്ത്യന്‍ ക്രിക്കറ്റ് നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ പേരിട്ടതിൽ വിവാദം. പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് പരാതി ലഭിച്ചതോടെയാണ് വിഷയം ചർച്ചയായത്. വിഷയം പരിശോധിച്ച ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച്സിഎ) ഓംബുഡ്സ്മാന്‍ പേരുമാറ്റാന്‍ നിർദേശം നല്‍കി. സ്റ്റേഡിയത്തിന്‍റെ  നോർത്ത് പവലിയൻ സ്റ്റാൻഡിനാണ് അസ്ഹറുദ്ദീന്റെ പേര് നൽകിയത്.

വിവാദങ്ങൾ ഉയർന്നതോടെ അസ്ഹറുദ്ദീന്റെ പേര് അച്ചടിച്ച് നോർത്ത് സ്റ്റാൻഡിലേക്കുള്ള ടിക്കറ്റുകൾ വിതരണം ചെയ്യരുതെന്ന് ക്രിക്കറ്റ് അസോസിയേഷൻ ഉത്തരവിട്ടു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ എത്തിക്സ് ഓഫീസറും ഓംബുഡ്സ്മാനുമായ ജസ്റ്റിസ് വി. ഈശ്വരയ്യ ശനിയാഴ്ചയാണ് ഉത്തരവിറക്കിയത്. അസോസിയേഷനുള്ളിലെ അഭിപ്രായഭിന്നതയാണ് തീരുമാനത്തിനു പിന്നിലെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്.

2019ലാണ് നോർത്ത് സ്റ്റാൻഡിന്റെ പേര് 'വി.വി.എസ് ലക്ഷ്മൺ പവലിയൻ' എന്നതിൽ നിന്നും 'അസ്ഹറുദ്ദീൻ സ്റ്റാൻഡ്' എന്ന് മാറ്റിയത്.  ഈ കാലയളവിൽ ഇദ്ദേഹം തന്നെയായിരുന്നു ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ്. അസോസിയേഷൻ നിയമ പ്രകാരം (റൂൾ 38) ഉന്നത കൗൺസിലുള്ള ഏതെങ്കിലും ഒരു അം​ഗത്തിന്റെ താൽപ്പര്യത്തിന് അനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ പാടില്ല. ഈ നിയമം ചൂണ്ടിക്കാട്ടിയാണ് പരാതികൾ ഉയർന്നത്. 2025 ഫെബ്രുവരി 28നാണ് ഹൈദരാബാദ് ലോർഡ്സ് ക്രിക്കറ്റ് ക്ലബിൽ (എൽഎൽസി) സ്റ്റാൻഡിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി ലഭിക്കുന്നത്.



നോർത്ത് സ്റ്റാൻഡിന് 'മുഹമ്മദ് അസ്ഹറുദ്ദീൻ സ്റ്റാൻഡ്' എന്ന് നാമകരണം ചെയ്ത അസ്ഹറുദ്ദീന്റെ നടപടി മാറ്റിവയ്ക്കണമെന്നും എല്ലാ പ്രായോഗിക ആവശ്യങ്ങൾക്കും വേണ്ടി അത് 'വി.വി.എസ്. ലക്ഷ്മൺ സ്റ്റാൻഡ്' ആയി തുടരണമെന്നും എൽഎൽസി ഓംബുഡ്സ്മാനോട് അഭ്യർത്ഥിച്ചു. എച്ച്സിഎ ഓംബുഡ്‌സ്മാൻ ഈ അപേക്ഷ സ്വീകരിച്ചതോടെ, വിഷയത്തെ നിയമപരമായി നേരിടാനാണ് അസ്ഹറുദ്ദീന്റെ തീരുമാനം.

SCROLL FOR NEXT