ജനാധിപത്യത്തിന്‍റെ നിലനില്‍പ്പ് സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിലാണെന്നും അംബേദ്കറുടെ ജന്മദിനം ജനാധിപത്യാവകാശ ദിനമായി ആചരിക്കണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറിനെക്കുറിച്ചുള്ള 'അംബേദ്കർ: ലീഡർ ഫോർ ഓൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു. ചെന്നൈയിൽ നടന്ന ചടങ്ങിൽ മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി കെ. ചന്ദ്രു, എഴുത്തുകാരൻ ആനന്ദ് തെൽതുംബ്ഡെ എന്നിവർ പങ്കെടുത്തു.
ജനങ്ങളുടെ അവകാശങ്ങൾക്കായി ഒന്നും ചെയ്യാത്ത ഇപ്പോഴത്തെ തമിഴ്നാട് സർക്കാരിനെ 2026ൽ ജനങ്ങൾ അധികാരത്തിൽ നിന്ന് ഇറക്കിവിടുമെന്നും വിജയ് പറഞ്ഞു. "മണിപ്പൂരിൽ ഇന്ന് നടക്കുന്നതെന്താണെന്ന് നമുക്കറിയാം. അവിടെ നടക്കുന്നതെന്താണെന്ന് കണ്ടിട്ടും കാണാത്ത പോലെ നടക്കുന്ന ഒരു ഭരണാധികാരിയെ നമുക്കറിയാം. അതുപോലൊരാൾ തമിഴ്നാട്ടിലുമുണ്ട്. ഇവിടെ വേങ്കൈ വയൽ എന്ന സ്ഥലത്ത് നടന്നത് എന്താണെന്ന് നമുക്കെല്ലാമറിയാം. സാമൂഹ്യനീതിയെ കുറിച്ച് സംസാരിക്കുന്ന ഇവിടുത്തെ ഭരണാധികാരി അവിടുത്തെ ജനങ്ങളുടെ നീതിക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് നമുക്ക് കാണാനാകും. അംബേദ്കർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഇതെല്ലാം കണ്ടു അദ്ദേഹത്തിൻ്റെ തലകുനിഞ്ഞു പോയേനെ. സ്ത്രീകൾക്കെതിരെയും സാധാരണ മനുഷ്യർക്കെതിരെയും എന്തെല്ലാം അനീതികളാണ് നടക്കുന്നത്. തമിഴ്നാട് ജനതയെ സത്യസന്ധമായി സ്നേഹിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനേ ഇതിനെല്ലാം പരിഹാരം കാണാനാകൂ. സമ്പ്രദായത്തിന് വേണ്ടി ട്വീറ്റ് ചെയ്യുന്നതും മഴയത്ത് നിന്ന് ഫോട്ടോയെടുക്കുന്നതുമല്ല രാഷ്ട്രീയ നേതാവിൻ്റെ ചുമതല," വിജയ് വിമർശിച്ചു.
പുസ്തക പ്രകാശനത്തിന് ആദ്യം തീരുമാനിച്ചിരുന്നത് ഡിഎംകെ, ഇന്ത്യാ സഖ്യം ഘടകകക്ഷിയായ വിടുതലൈ ചിരുത്തൈകൾ കച്ചി നേതാവ് തോൾ തിരുമാവളവൻ എംപിയെയായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, തിരുമാവളവന് പുസ്തകം സമ്മാനിച്ച് പ്രകാശനം ചെയ്യുക എന്നതായിരുന്നു ആദ്യ തീരുമാനം. എന്നാൽ പരിപാടിയിൽ പിന്നീട് മാറ്റം വന്നു. വിജയ് പങ്കെടുക്കുന്നതിനാൽ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തിരുമാവളവനും തീരുമാനിച്ചു. ഒക്ടോബർ 27ന് നടന്ന തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ ഡിഎംകെയെ തൻ്റെ രാഷ്ട്രീയ ശത്രുവായി വിജയ് പ്രഖ്യാപിച്ചതിനാലാണ് വിസികെ നേതാവ് പിന്മാറിയത്. ഡോ. ബി.ആർ. അംബേദ്കറുടെ ജീവിതമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ആധവ് അർജുനനും തമിഴിലെ പ്രമുഖ പ്രസാധകരായ വികടൻ ഗ്രൂപ്പും ചേർന്നാണ് പുസ്തകം പുറത്തിറക്കിയത്.