NEWSROOM

'കൂടൽ മാണിക്യ ക്ഷേത്രത്തിൽ കഴകം ജോലി ചെയ്യാനില്ല'; ദേവസ്വത്തിന് അപേക്ഷ നല്‍കി ബാലു

സര്‍ക്കാര്‍ ഉറച്ച നിലപാട് സ്വീകരിച്ചാലും തന്ത്രിമാര്‍ പഴയ നിലപാട് തന്നെ സ്വീകരിക്കാന്‍ ഇടയുണ്ടെന്നും ബാലു പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ ഇനി കഴകം ജോലിക്കില്ലെന്ന് ബി.എ. ബാലു. ജാതി അധിക്ഷേപം നേരിട്ടുവെന്ന പരാതി തനിക്കില്ലെന്നും കഴകം ജോലിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേവസ്വത്തിന് അപേക്ഷ നല്‍കിയെന്നും ബാലു പറഞ്ഞു.

ഇന്ന് വൈകിട്ട് ദേവസ്വം മാനേജര്‍ മുഖേനയാണ് അപേക്ഷ നല്‍കിയത്. താന്‍ കാരണം ക്ഷേത്രത്തിലെ ചടങ്ങുകള്‍ മുടങ്ങരുതെന്ന് ആഗ്രഹമുണ്ടെന്നും ബാലു ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

ക്ഷേത്ര ഉത്സവം നടക്കാനിരിക്കെ ജോലിയില്‍ തുടര്‍ന്നാല്‍ തന്ത്രിമാര്‍ മുന്‍ നിലപാട് തന്നെ സ്വീകരിക്കും താന്‍ ജോലി ചെയ്തിരുന്ന അമ്പലങ്ങളില്‍ ഉത്സവങ്ങളുടെ മുന്‍നിരയില്‍ നിന്നിരുന്ന ആളായിരുന്നു. സര്‍ക്കാര്‍ ഉറച്ച നിലപാട് സ്വീകരിച്ചാലും തന്ത്രിമാര്‍ പഴയ നിലപാട് തന്നെ സ്വീകരിക്കാന്‍ ഇടയുണ്ടെന്നും ബാലു പറഞ്ഞു. ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ബാലു വ്യക്തമാക്കി.

കഴക ജോലി ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രതീക്ഷിച്ചില്ലെന്നും ഓഫീസ് ജീവനക്കാരനായി തുടരനാണ് തീരുമാനമെന്നും ബാലു നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി ദേവസ്വത്തിന് നല്‍കുന്ന അപേക്ഷ അംഗീകരിച്ചില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങുമെന്നും ബാലു പറഞ്ഞിരുന്നു.

അതേസമയം ബാലുവിനെ കഴക ജോലി ചെയ്യുന്നതില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് തന്ത്രിമാര്‍ രംഗത്തെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തി.
ജാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലില്‍ നിന്നും മാറി നില്‍ക്കേണ്ടി വരികയെന്നത് ആധുനികസമൂഹത്തിന് നിരക്കുന്നതല്ലെന്ന് മന്ത്രി പറഞ്ഞു.

കുലം, കുലത്തൊഴില്‍, കുലമഹിമ തുടങ്ങിയ ആശയങ്ങള്‍ അപ്രസക്തമായ കാലമാണിത്. മാല കെട്ടുന്നതിനുപോലും ജാതിയുടെ അതിര്‍വരമ്പ് നിശ്ചയിക്കുന്നത് കാലത്തിന് നിരക്കുന്ന പ്രവൃത്തിയാണോയെന്ന് ബന്ധപ്പെട്ടവര്‍ പുനര്‍വിചിന്തനം ചെയ്യുമെന്ന് കരുതുന്നതായും മന്ത്രി അറിയിച്ചു.

SCROLL FOR NEXT