NEWSROOM

'സര്‍ബത്ത് ജിഹാദ്' പരാമര്‍ശം; ഡല്‍ഹി ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ വീഡിയോ പിന്‍വലിക്കാമെന്ന് ബാബ രാംദേവ്

വീഡിയോ കണ്ടതിന് ശേഷം കണ്ണുകളേയും കാതുകളേയും വിശ്വസിക്കാനായില്ലെന്നായിരുന്നു കോടതി പറഞ്ഞത്.

Author : ന്യൂസ് ഡെസ്ക്


സര്‍ബത്ത് ജിഹാദ് പരാമര്‍ശത്തില്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ വിവാദ വീഡിയോ പിന്‍വലിക്കാമെന്ന് ബാബ രാംദേവ്. റൂഹ് അഫ്സ പാനീയത്തെയാണ് സര്‍ബത്ത് ജിഹാദ് എന്ന തരത്തില്‍ ബാബ രാംദേവ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. വിവാദ പരാമര്‍ശം ഉടന്‍ നീക്കം ചെയ്യുമെന്ന ഉറപ്പ് രാംദേവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

വീഡിയോ കണ്ടതിന് ശേഷം കണ്ണുകളേയും കാതുകളേയും വിശ്വസിക്കാനായില്ലെന്നായിരുന്നു കോടതി പറഞ്ഞത്. പരാമര്‍ശങ്ങള്‍ കോടതി മനസ്സാക്ഷിയെ ഞെട്ടിക്കുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. വീഡിയോ പരസ്യങ്ങള്‍ നീക്കം ചെയ്യുകയോ ഉചിതമായ മാറ്റം വരുത്തുകയോ ചെയ്യണമെന്നും, ഭാവിയില്‍ ഇത്തരം പോസ്റ്റ്കളോ പരസ്യങ്ങളോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബാബ രാംദേവിന്റെ പരാമര്‍ശത്തിനെതിരെ റൂഹ് അഫ്സ ഉടമ ഹംദാര്‍ദ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം.

ഈ മാസം ആദ്യം പതഞ്ജലിയുടെ റോസ് സര്‍ബത്ത് പുറത്തിറക്കിയ വേളയിലാണ് ബാബ രാംദേവ് വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. നിങ്ങള്‍ക്ക് സര്‍ബത്ത് നല്‍കുന്ന ഒരു കമ്പനിയുണ്ട്, പക്ഷേ അതില്‍ സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു ബാബ രാംദേവ് പറഞ്ഞത്.

ഈ വിഷയം ഇകഴ്ത്തലുകള്‍ക്ക് അപ്പുറത്തക്ക് വര്‍ഗ്ഗീയ സംഘര്‍ഷം ലക്ഷ്യമിടുന്ന ഒരു വിദ്വേഷ പ്രസംഗത്തിന് സമാനമാണെന്നും ഇത് നീക്കം ചെയ്യണമെന്നും ഹംദാര്‍ദിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു.

ലവ് ജിഹാദ് പോലെ തന്നെ ഇത് ഒരുതരം സര്‍ബത്ത് ജിഹാദ് തന്നെയാണെന്നും, സര്‍ബത്ത് ജിഹാദില്‍ നിന്ന് സ്വയം രക്ഷ നേടാന്‍ എല്ലാവരിലേക്കും ഈ സന്ദേശം എത്തിക്കണമെന്നുമായിരുന്നു രാംദേവിന്റെ വിവാദ പരാമര്‍ശം. ഇതിന് പിന്നാലെയാണ് ഹംദാര്‍ദിനെ ഹര്‍ജി ഫയല്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്.

മറ്റ് സര്‍ബത്ത് ബ്രാന്‍ഡുകളെ ' ടോയ്‌ലറ്റ് ക്ലീനറുകളാ'യി താരതമ്യം ചെയ്ത രാംദേവ് ഇത്തരത്തില്‍ വില്‍ക്കുന്ന സോഫ്റ്റ് ഡ്രിങ്കോ സര്‍ബത്ത് ജിഹാദോ പോലുള്ള വിഷങ്ങളില്‍ നിന്ന് നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കണമെന്നും പതഞ്ജലി സര്‍ബത്തുകളും പാനീയങ്ങളും മാത്രം തിരഞ്ഞെടുക്കണമെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.

SCROLL FOR NEXT