NEWSROOM

ബാബ സിദ്ദിഖി കൊലപാതകം: 28 വെടിയുണ്ടകള്‍, കൃത്യമായ ആസൂത്രണം; പ്രതികളെ കോടതിയില്‍ ഹാജരാക്കി

പ്രതികള്‍ കുപ്രസിദ്ധ ഗ്യാങ്സ്റ്ററായ ലോറന്‍സ് ബിഷ്ണോയിയുടെ സംഘവുമായി ബന്ധമുള്ളവരാണ്

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി (അജിത് പവാർ) നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികളിലൊരാളായ ബൽജിത് സിംഗിനെ ഒക്ടോബർ 21 വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടാം പ്രതിയായ ധരംരാജ് കശ്യപിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. പകരം, പ്രതിയുടെ പ്രായം തെളിയിക്കാനുള്ള പരിശോധന നടത്തുവാൻ കോടതി ഉത്തരവിടുകയായിരുന്നു. പ്രതികളെ 14 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.

കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്താണ് നടപ്പിലാക്കിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ പൂനെയിലും മുംബൈയിലും താമസിച്ചതായും  ഇവരില്‍ നിന്നും 28 വെടിയുണ്ടകൾ കണ്ടെത്തിയതായും പൊലീസ് കോടതിയിൽ വ്യക്തമാക്കി.

മുംബൈ പൊലീസിന്‍റെ അന്വേഷണ പ്രകാരം, മൂന്ന് ഷൂട്ടർമാരാണ് വെടിവെപ്പിനു പിന്നിലുള്ളത്. അതില്‍ രണ്ടുപേരാണ് അറസ്റ്റിലായത്. ഹരിയാനയിൽ നിന്നുള്ള ഗുർമൈൽ ബൽജിത് സിംഗ് (23), ഉത്തർപ്രദേശിൽ നിന്നുള്ള ധരംരാജ് കശ്യപ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെ ഷൂട്ടർ, യുപി സ്വദേശി, ശിവ് കുമാർ ഗൗതമിനായി തെരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. കൃത്യം നടത്താനായി പ്രതികള്‍ക്ക് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു കൊടുത്തത് മുഹമ്മദ് സീഷൻ അക്തർ എന്ന വ്യക്തിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Also Read: ബാബ സിദ്ദിഖിയുടെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയ് ഗാങ്

പ്രതികള്‍ കുപ്രസിദ്ധ ഗ്യാങ്സ്റ്ററായ ലോറന്‍സ് ബിഷ്ണോയിയുടെ സംഘവുമായി ബന്ധമുള്ളവരാണ്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ബിഷ്ണോയ് ഗ്യാങ് ഏറ്റെടുത്തിരുന്നു. സമൂഹമാധ്യത്തില്‍ പോസ്റ്റ് പങ്ക് വെച്ചുകൊണ്ടാണ് ഗ്യാങ് കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഷിബു ലോന്‍കർ എന്ന വ്യക്തി പങ്കുവെച്ച പോസ്റ്റിനു പിന്നില്‍ ബിഷ്ണോയിയുടെ സംഘത്തിലെ ശുഭം രാമേശ്വർ ലോന്‍കറാണെന്നാണ് പുറത്തു വരുന്ന വിവരം.

കഴിഞ്ഞ ദിവസം രാത്രി, 9.30ഓടെ മകനും എംഎല്‍എയുമായ ശീഷന്‍ സിദ്ദിഖിയുടെ ബാന്ദ്ര ഈസ്റ്റിലെ ഓഫീസില്‍ വെച്ചാണ് ബാബക്ക് വെടിയേറ്റത്. നെഞ്ചിനു പരുക്കേറ്റ ബാബയെ ഉടനടി ലീലാവതി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read: മുംബൈ നഗരത്തെ നടുക്കിയ കൊലപാതകം; ആരാണ് ബാബാ സിദ്ദിഖി?

ബാബയുടെ കൊലപാതകം മഹാരാഷ്ട്രയില്‍ പ്രതിപക്ഷ- ഭരണപക്ഷ വാക്പോരിനു കാരണമായിരിക്കുകയാണ്. സംസ്ഥാനത്തിന്‍റെ ക്രമസമാധാന നില തകർന്നുവെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ളവരുടെ ആരോപണം. എന്നാല്‍ സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പറഞ്ഞ് പ്രതിരോധിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്.

SCROLL FOR NEXT