NEWSROOM

ബാബ സിദ്ദിഖി വധക്കേസ്: ഷൂട്ടർമാരെ വാടകയ്ക്ക് എടുത്ത പ്രതി അറസ്റ്റില്‍

ബിഷ്ണോയ് ഗ്യാങ്ങിലെ ശുഭം ലോന്‍കറിന്‍റെ സഹോദരനാണ് അറസ്റ്റിലായ പ്രവീണ്‍ ലോന്‍കർ

Author : ന്യൂസ് ഡെസ്ക്

എന്‍സിപി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖി വധക്കേസില്‍ മൂന്നാമത് ഒരാള്‍കൂടി അറസ്റ്റില്‍. 28 വയസുകാരനായ പ്രവീൺ ലോന്‍കറിനെയാണ് മുംബൈ ക്രൈം ബ്രാഞ്ച് പൂനെയിൽ നിന്നും പിടികൂടിയത്. പ്രതികളെ കൊലപാതകത്തിനായി വാടകയ്‌ക്കെടുത്തത് പ്രവീണ്‍ ആണെന്നാണ് റിപ്പോർട്ട്. കേസിലെ രണ്ട് പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

ബിഷ്ണോയ് ഗ്യാങ്ങിലെ ശുഭം ലോന്‍കറിന്‍റെ സഹോദരനാണ് അറസ്റ്റിലായ പ്രവീണ്‍ ലോന്‍കർ. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ബിഷ്ണോയ് സംഘം ഏറ്റെടുത്തത് പ്രവീണിന്‍റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു.

കേസില്‍ ഇതുവരെ ആറ് പ്രതികളുണ്ടെന്നാണ് മുംബൈ പൊലീസിന്‍റെ നിഗമനം. ഇതില്‍ ധരംരാജ് കശ്യപ്, ഗുർമെയ്ൽ സിംഗ്, പ്രവീൺ ലോന്‍കർ എന്നിവരാണ് അറസ്റ്റിലായത്. ഷൂട്ടർമാരില്‍ മൂന്നാമന്‍ ശിവ് കുമാർ ഗൗതവും പ്രതികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിനല്‍കിയ മുഹമ്മദ് സീഷാന്‍ അക്തറും ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിലിലാണ് പൊലീസ്.

പ്രവീണ്‍ ലോന്‍കറിന്‍റെ പൂനെയിലെ പാല്‍ വില്‍പ്പന കേന്ദ്രത്തിന് അടുത്തുള്ള  ഒരു ആക്രിക്കടയിലാണ് ധരംരാജ് കശ്യപ്. ശിവ്കുമാർ ഗൗതം എന്നിവർ ജോലി ചെയ്തുകൊണ്ടിരുന്നത്. . പ്രവീണ്‍ ഇവരെ സഹോദരനായ ശുഭത്തിനു പരിചയപ്പെടുത്തിക്കൊടുത്തു. ഇങ്ങനെയാണ് പ്രതികള്‍ സിദ്ദിഖിയുടെ കൊലപാതകത്തിന് നിയോഗിക്കപ്പെട്ടതെന്നാണ് പൊലീസ് ഭാഷ്യം.

Also Read: പഞ്ചാബിൽ നിന്ന് മുംബൈയിലേക്ക്; ബാബാ സിദ്ദിഖി കൊലപാതകത്തിലെ ഷൂട്ടർമാരെ കൈകാര്യം ചെയ്തതാര്?

ശനിയാഴ്ച രാത്രിയോടെ ബാബയുടെ മകനും എംഎല്‍എയുമായ ശീഷന്‍ സിദ്ദിഖിയുടെ ബാന്ദ്ര ഈസ്റ്റിലെ ഓഫീസിലേക്ക് മൂന്നംഗ സംഘം എത്തി. മുഖം മറച്ചെത്തിയ പ്രതികള്‍ ബാബയെ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 9.9 എംഎം പിസ്റ്റള്‍ ഉപയോഗിച്ച് ആറു റൗണ്ടാണ് വെടിയുതിർത്തത്. നെഞ്ചിനു വെടിയേറ്റ സിദ്ദിഖിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read: ബാബ സിദ്ദിഖി കൊലപാതകം: 28 വെടിയുണ്ടകള്‍, കൃത്യമായ ആസൂത്രണം; പ്രതികളെ കോടതിയില്‍ ഹാജരാക്കി

അതേസമയം, അറസ്റ്റിലായ ഹരിയാനയിൽ നിന്നുള്ള ഗുർമെയ്ൽ ബൽജിത് സിംഗ് (23), ധരംരാജ് കശ്യപ് (19) എന്നിവരെ പൊലീസ് ഇന്നലെ കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. ബൽജിത് സിംഗിനെ ഒക്ടോബർ 21 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടെങ്കിലും ധരംരാജ് കശ്യപിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. പകരം, പ്രതിയുടെ പ്രായം തെളിയിക്കാനുള്ള പരിശോധന നടത്തുവാൻ കോടതി ഉത്തരവിട്ടു. എന്നാല്‍ പ്രായം തെളിയിക്കാനുള്ള ഒസിഫിക്കേഷന്‍ ടെസ്റ്റ് ഫലത്തില്‍ പ്രതി മൈനർ അല്ലെന്ന് തെളിയുകയായിരുന്നു. 

SCROLL FOR NEXT