NEWSROOM

ബാബ സിദ്ദിഖി വധം: ആസൂത്രകരില്‍ ഒരാള്‍ സല്‍മാന്‍ കേസില്‍ പൊലീസ് വെറുതെ വിട്ട ശുഭം ലോന്‍കർ

നേരത്തെ, ശുഭം ലോൻകറിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബാബ സിദ്ദിഖിയുടെ കൊലപാതകം തങ്ങളാണ് ചെയ്തതെന്ന് ഏറ്റെടുക്കുന്നതായി ലോറൻസ് ബിഷ്ണോയി സംഘം അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

മുന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ സംഭവത്തിൽ, ആസൂത്രകരില്‍ ഒരാള്‍ സല്‍മാന്‍ ഖാൻ കേസില്‍ പൊലീസ് വെറുവിട്ട ശുഭം ലോന്‍കർ. തെളിവുകളില്ലെന്ന് പറഞ്ഞായിരുന്നു പൊലീസ് സൽമാൻ ഖാൽ കേസിൽ ശുഭം ലോന്‍കറിനെ വിട്ടയച്ചത്. ശുഭം ലോൻകർ തന്നെയാണ് ബാബ സിദ്ദിഖി വധത്തിലെ മുഖ്യ ആസൂത്രകരിലൊരാളെന്ന് കരുതുന്നുവെന്ന് പൊലീസ് അറിയിച്ചു.

ബാന്ദ്രയിലെ സൽമാൻ ഖാൻ്റെ ഗ്യാലക്സി അപാർട്ട്മെൻ്റിലെ വസതിയിൽ വെടിയുതിർത്തതിന് പിന്നാലെ ലോറൻസ് ബിഷ്ണോയ് സംഘാംഗമായ ശുഭം ലോൻകറിനെയും ചോദ്യം ചെയ്തിരുന്നു. കേസിൽ ചോദ്യം ചെയ്തിരുന്ന നിരവധി പേർ ഇയാളുടെ പേര് എടുത്തു പറഞ്ഞിരുന്നു. കേസിലെ പ്രതികൾക്ക് ശുഭം ലോൻകർ താമസസൗകര്യമൊരുക്കിയതായും കണ്ടെത്തി. എന്നാൽ, അയാൾക്കെതിരെ മതിയായ തെളിവുകളില്ലാത്തതിനാൽ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയായിരുന്നു.

നേരത്തെ, ശുഭം ലോൻകറിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബാബ സിദ്ദിഖിയുടെ കൊലപാതകം തങ്ങളാണ് ചെയ്തതെന്ന് ഏറ്റെടുക്കുന്നതായി ലോറൻസ് ബിഷ്ണോയി സംഘം അറിയിച്ചത്. ബാബ സിദ്ദിഖിക്ക് ദാവൂദ് ഇബ്രാഹിമുമായും സൽമാൻ ഖാനുമായും അടുത്ത ബന്ധമുള്ളതിനാലാണ് കൊലപ്പെടുത്തിയതെന്നും ശുഭം ലോൻകറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത പ്രവീൺ ലോൻകർ, ശുഭം ലോൻകറിൻ്റെ സഹോദരനാണ്.

ബാബയുടെ കൊലപാതകത്തില്‍ ബിഷ്ണോയ് സംഘത്തിലെ ഷൂട്ടർമാരായ ഗുർമൈൽ ബൽജിത് സിംഗ്, ധരംരാജ് കശ്യപ്, പ്രവീൺ ലോന്‍കർ എന്നിവരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ശുഭം ലോൻകർ, ഷൂട്ടർമാരില്‍ മൂന്നാമന്‍ ശിവ് കുമാർ ഗൗതം, പ്രതികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയ മുഹമ്മദ് സീഷാന്‍ അക്തർ എന്നിവർ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിലിലാണ് പൊലീസ്.

SCROLL FOR NEXT