NEWSROOM

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു; കോഴിക്കോട് സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ

ചികിത്സാ പിഴവ് ആരോപിച്ച് അശ്വതിയുടെ ബന്ധുക്കൾ ഫറോക്ക് പൊലീസിൽ പരാതി നൽകി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഗര്‍ഭസ്ഥശിശു മരിച്ചതിൽ ചികിത്സാ പിഴവെന്ന് ആരോപണം. ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ചന്തക്കടവ് സ്വദേശി അശ്വതിയുടെ കുഞ്ഞ് മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് അശ്വതിയുടെ ബന്ധുക്കൾ ഫറോക്ക് പൊലീസിൽ പരാതി നൽകി.


ഇന്ന് രാവിലെയാണ് അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രാവിലെ പരിശോധിച്ചപ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് സാധാരണ നിലയിലായിരുന്നു. പിന്നീട് ഹൃദയമിടിപ്പ് കൂടിയെന്ന് പറഞ്ഞാണ് അശ്വതിയെ ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോയത്. അതിനുശേഷം, കുഞ്ഞ് കരഞ്ഞില്ല, ഇനിയൊന്നും ചെയ്യാനില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അശ്വതിയെ സ്ഥിരമായി നോക്കിയിരുന്ന ഡോക്ടര്‍ ഇല്ലായിരുന്നെന്നും, ശസ്ത്രക്രിയ നടത്തിയത് മറ്റൊരു ഡോക്ടറാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് പെട്ടെന്ന് കുറയുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

SCROLL FOR NEXT