NEWSROOM

സ്വകാര്യവൽക്കരണ പദ്ധതികളിൽ നിന്ന് പിന്മാറുന്നു? പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മുൻതൂക്കം നൽകാൻ നരേന്ദ്ര മോദി പദ്ധതിയിടുന്നതായി സൂചന

പാർലമെൻ്റിൽ നഷ്ടപ്പെട്ട ഭൂരിപക്ഷം തിരിച്ചുപിടിക്കാൻ സഖ്യകക്ഷികളെ ആശ്രയിക്കുന്നതിനാണ് ഇത്തരത്തിലുള്ള നീക്കമെന്ന് വാർത്ത ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു

Author : ന്യൂസ് ഡെസ്ക്

നരേന്ദ്ര മോദി സ്വകാര്യവൽക്കരണ പദ്ധതികളിൽ നിന്ന് പിൻവലിയുന്നതായി സൂചന. 200-ലധികം പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മുൻതൂക്കം നൽകാൻ മോദി പദ്ധതിയിടുന്നതായി വാർത്ത ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. പാർലമെൻ്റിൽ നഷ്ടപ്പെട്ട ഭൂരിപക്ഷം തിരിച്ചുപിടിക്കാൻ സഖ്യകക്ഷികളെ ആശ്രയിക്കുന്നതിനാണ് ഇത്തരത്തിലുള്ള നീക്കമെന്നും സൂചനയുണ്ട്.

ജൂലൈ 23 ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന വാർഷിക ബജറ്റിൽ രാജ്യത്തെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് ലാഭകരമാകുന്ന പദ്ധതികൾ നടപ്പാക്കാൻ സൂചനയുണ്ടെന്നാണ് റോയിറ്റേഴ്‌സിൻ്റെ റിപ്പോർട്ട്. ഇത് പ്രകാരം ഇത്തരം പൊതുമേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ ഭൂമിയുടെ ഭാഗങ്ങൾ വിൽക്കാനും മറ്റ് ആസ്തികളുടെ ധനസമ്പാദനം നടത്താനും ഉൾപ്പെടെയുള്ള പദ്ധതികൾ കേന്ദ്രം ആവിഷ്ക്കരിക്കാനും സാധ്യതയുണ്ട്. നിലവിലെ ഏപ്രിൽ-മാർച്ച് സാമ്പത്തിക വർഷത്തിൽ 24 ബില്യൺ ഡോളർ സമാഹരിച്ച് കമ്പനികളിൽ ഫണ്ട് വീണ്ടും നിക്ഷേപിക്കുക എന്നതാണ് കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യം. ഇതിൽ ഓരോ കമ്പനിക്കും ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് പകരം അഞ്ച് വർഷത്തെ പ്രകടനവും ഉൽപ്പാദന ലക്ഷ്യങ്ങളും നിശ്ചയിക്കും.

അതേസമയം ഭൂരിപക്ഷ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ഉടനീളമുള്ള 2,30,000 മാനേജർമാരെ മുതിർന്ന റോളുകളിലേക്ക് പരിശീലിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കും. നിലവിൽ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഉന്നത ഉദ്യോഗസ്ഥരെ മാത്രമാണ് കേന്ദ്രം നിയമിക്കുന്നത്. 2025-26 സാമ്പത്തിക വർഷം മുതൽ മാനേജർമാരുടെ പരിശീലനം, കമ്പനി ബോർഡുകളിലേക്കുള്ള പ്രൊഫഷണൽ റിക്രൂട്ട്‌മെൻ്റ്, ഉയർന്ന പ്രകടനത്തിന് അനുസരിച്ചുള്ള ഇൻസെൻറ്റീവുകൾ എന്നിവ ഉൾപ്പെടുന്ന ഒരു പദ്ധതിയും സർക്കാർ നടപ്പിലാക്കാൻ സാധ്യതയുണ്ട്.

SCROLL FOR NEXT