ഡല്‍ഹി സര്‍ക്കാരിന്‍റെ ഉപദേശം കൂടാതെ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്ക് ആള്‍ഡര്‍മാന്‍മാരെ നാമനിര്‍ദേശം ചെയ്യാന്‍ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി. കോടതി ഉത്തരവ് സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി.
പൗരസമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ അധികാരം നിയമപരമാണെന്നും, എക്‌സിക്യൂട്ടീവ് അധികാരമല്ലായെന്നും കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച്, കഴിഞ്ഞ വര്‍ഷം കേസിന്‍റെ വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. പിന്നീട്, സുപ്രീം കോടതി വെബ്‌സൈറ്റിലൂടെ ജസ്റ്റിസ് നരസിംഹ വിധി പറയുമെന്ന് അറിയിക്കുകയായിരുന്നു.
മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആക്ടിലെ സെക്ഷന്‍ 3(3)(ബി) പ്രകാരം, ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് 25 വയസില്‍ കുറയാതെ പ്രായമുള്ള, മുന്‍സിപ്പല്‍ ഭരണത്തില്‍ പ്രത്യേക അറിവും പരിചയവുമുള്ള 10 പേരെ നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കുമെന്ന് ജസ്റ്റിസ് നരസിംഹ പറഞ്ഞു. ഡല്‍ഹിയുടെ സംസ്ഥാന, കണ്‍കറന്‍റ് ലിസ്റ്റുകളില്‍ പാര്‍ലമെന്‍റിന് നിയമനിര്‍മാണ അധികാരമുണ്ടെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് നേരത്തെ വിധിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു.
പാര്‍ലമെന്‍റ് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് അധികാരം കൊടുത്തിട്ടുള്ളതിനാല്‍ ആം ആദ്മി പാര്‍ട്ടിക്ക് തര്‍ക്കിക്കാന്‍ കഴിയില്ലായെന്നും ജസ്റ്റിസ് പറഞ്ഞു. വി.കെ. സക്‌സേനയാണ് നിലവില്‍ ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍. അരവിന്ദ് കെജ്‌രിവാള്‍ നേതൃത്വം കൊടുക്കുന്ന ഡല്‍ഹി സർക്കാർ നീണ്ട കാലമായി ലെഫ്റ്റനന്‍റ് ഗവർണർക്കെതിരെ നിലപാട് സ്വീകരിച്ചു വരികയാണ്. കേന്ദ്ര സർക്കാർ ലെഫ്റ്റനന്‍റ് ഗവർണറിലൂടെ സംസ്ഥാന സർക്കാരിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആം ആദ്മി സർക്കാരിന്‍റെ ആരോപണം.