NEWSROOM

നിതീഷിന് തിരിച്ചടി; ബിഹാറില്‍ സംവരണ ശതമാനം ഉയര്‍ത്തിയ നിയമം റദ്ദാക്കി ഹൈക്കോടതി

സംസ്ഥാനത്ത് നടത്തിയ ജാതി സര്‍വേയുടെ അടിസ്ഥാനത്തില്‍ നിതീഷ് സര്‍ക്കാര്‍ സംവരണ ശതമാനം 50ല്‍ നിന്നും 65 ആയി ഉയര്‍ത്തുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് മറ്റൊരു പ്രഹരമായി സംവരണ ശതമാനം ഉയര്‍ത്തിയത് തടഞ്ഞു കൊണ്ടുള്ള പാട്‌ന ഹൈക്കോടതിയുടെ വിധി. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നടത്തിയ ജാതി സര്‍വേയുടെ അടിസ്ഥാനത്തിലാണ് നിതീഷിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമുള്ള 50 ശതമാനം സംവരണം 65 ആയി ഉയര്‍ത്തിയത്.

ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ തലവനായ ബെഞ്ചാണ് 2023 നവംബറില്‍ നിതീഷ് സര്‍ക്കാര്‍ കൊണ്ട് വന്ന നിയമനിര്‍മ്മാണത്തിനെതിരെ വിധി പാസാക്കിയത്. ചട്ടം കൊണ്ട് വരുന്ന സമയത്ത് ആര്‍ ജെ ഡിയുമായി സഖ്യത്തിലായിരുന്ന നിതീഷിന്‍റെ ജെഡിയു പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബീഹാര്‍ നിയമസഭ ഏകകണ്ഠമായി പാസാക്കിയ സംവരണ ബില്‍ പിന്നാക്കം നില്‍ക്കുന്ന ജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 65 ശതമാനം സംവരണം ഉറപ്പ് നല്‍കിയിരുന്നു.

ഹൈക്കോടതി വിധിയെ ദൗര്‍ഭാഗ്യകരമായ പുരോഗതി എന്നാണ് ആര്‍ ജെ ഡിയുടെ രാജ്യസഭ എം പി മനോജ് കുമാര്‍ ഝാ വിശേഷിപ്പിച്ചത്. "ഇത്തരം വിധികള്‍ സാമൂഹിക നീതിയിലേക്കുള്ള യാത്രയെ നീട്ടിക്കൊണ്ട് പോകുന്നു. തമിഴ്‌നാടിന് ഒരുപാട് കാലം പോരാടേണ്ടി വന്നത് ഞങ്ങള്‍ ഓര്‍ക്കുന്നു. ഞങ്ങളും അത് തന്നെ ചെയ്യും. ഇപ്പോള്‍ ഈ പരാതി കൊടുത്തിരിക്കുന്നവരുടെ സാമൂഹിക പശ്ചാത്തലം നമ്മള്‍ പരിശോധിക്കണം. കര്‍ട്ടനു പുറകില്‍ അവരെ നിയന്ത്രിക്കുന്നതാരാണെന്ന് കണ്ടെത്തണം. ജാതി സര്‍വെ സമയത്തും ഇതൊക്കെ നമ്മള്‍ കണ്ടതാണ്", മനോജ് കുമാര്‍ പറഞ്ഞു. സംവരണത്തെ കോടതി വിധികളില്‍ നിന്നും സംരക്ഷിക്കാന്‍ ഭരണഘടനയുടെ ഒന്‍പതാം ഷെഡ്യൂളില്‍ ചേര്‍ക്കണമെന്ന ആവശ്യവും ആര്‍ ജെ ഡി, എം പി ഉന്നയിച്ചു.

SCROLL FOR NEXT