ദ ന്യൂസ് മിനിറ്റ് സ്ഥാപക ധന്യ രാജേന്ദ്രനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോകളും ലേഖനങ്ങളും ഉടന്‍ നീക്കം ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ജനം,ജന്മഭൂമി, കര്‍മ ന്യൂസ് തുടങ്ങിയ വലതുപക്ഷ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ ധന്യ രാജേന്ദ്രന്‍ സമര്‍പ്പിച്ച മാനനഷ്ട കേസിലാണ് ഉത്തരവ് വന്നിരിക്കുന്നത്. ധന്യ രാജേന്ദ്രനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നതായിരുന്നു കേസ്. പത്ത് ദിവസത്തിനകം വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്നാണ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.
2023 മാര്‍ച്ച് 25നു നടന്ന 'കട്ടിങ് സൗത്ത് 2023' എന്ന കോണ്‍ക്ലേവിന് പിന്നാലെയാണ് ജനം ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ ധന്യയെ ആക്ഷേപിച്ച് വാര്‍ത്തകള്‍ വന്നത്. രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ് സോറോസിന്‍റെ ഏജന്‍റാണ് ധന്യ എന്നായിരുന്നു ഈ മാധ്യമങ്ങളുടെ ആരോപണം. ഇത്തരത്തിലുള്ള ഉള്ളടക്കം വരുന്ന നിരവധി വീഡിയോകളും ലേഖനകളും മൂന്ന് മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഈ കോണ്‍ക്ലേവ് ദക്ഷിണേന്ത്യയെ വിഭജിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് എന്നതായിരുന്നു മറ്റൊരു ആരോപണം.
എന്നാല്‍ ധന്യക്കെതിരെയുള്ള ആരോപണങ്ങളൊന്നും തന്നെ തെളിയിക്കാന്‍ മാധ്യമങ്ങള്‍ക്കായില്ല. 10 ദിവസത്തിനുള്ളില്‍ ഈ ഉള്ളടക്കങ്ങള്‍ മാധ്യമങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഇവര്‍ക്കെതിരെ യൂട്യൂബിനെ സമീപിക്കാന്‍ ന്യൂസ് മിനിറ്റിന് സ്വാതന്ത്രമുണ്ടെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് വികാസ് മഹാജനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.