NEWSROOM

വാളയാർ പെൺകുട്ടികൾക്കെതിരായ മോശം പരാമർശം; അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സോജനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

വാളയാറില്‍ മരിച്ച പെൺകുട്ടികളെക്കുറിച്ച് ഒരു ചാനൽ വഴി മോശം പരാമർശം നടത്തി എന്നായിരുന്നു കേസ്

Author : ന്യൂസ് ഡെസ്ക്

വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ. സോജനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഉദ്യോഗസ്ഥൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.

വാളയാറില്‍ മരിച്ച പെൺകുട്ടികളെക്കുറിച്ച് ഒരു ചാനൽ വഴി മോശം പരാമർശം നടത്തി എന്നായിരുന്നു കേസ്. ഉദ്യോഗസ്ഥന്‍റെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് കേൾപ്പിച്ച മാധ്യമ സ്ഥാപനത്തിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉത്തരവിന്‍റെ പകർപ്പ് ഡിജിപിക്ക് അയച്ചുകൊടുക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിക്ക് തുടർ നിയമനടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

ALSO READ: വിസ കാലാവധി തീർന്നിട്ടും രാജ്യത്ത് തങ്ങുന്ന വിദേശികള്‍ നുഴഞ്ഞുകയറ്റക്കാരല്ല; നിർണായക നിരീക്ഷണവുമായി ഹൈക്കോടതി

2017 ജനുവരിയിലും മാർച്ചിലുമായാണ് വാളയാറില്‍ അട്ടപ്പള്ളത്തെ സഹോദരങ്ങളായ പെണ്‍കുട്ടികളെ ദുരൂഹമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിമൂന്നും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍‍ കണ്ടെത്തിയത്. രണ്ട് പേരും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എഎസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.

കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയക്കാരും പൊലീസുകാരും ശ്രമിച്ചുവെന്ന് ആക്ഷേപങ്ങള്‍ ഉയർന്നിരുന്നു. തുടർന്ന് അന്വേഷണ സംഘം പുനസംഘടിപ്പിക്കുകയും പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‌പി എം.ജെ. സോജന് അന്വേഷണ ചുമതല നല്‍കുകയുമായിരുന്നു. പൊലീസ് കുറ്റപത്രത്തില്‍ പ്രതി ചേർത്തിരുന്ന ഭൂരിഭാഗം പേരെയും കോടതി വെറുതെവിട്ടു. വീണ്ടും അന്വേഷണത്തില്‍ ആരോപണങ്ങള്‍ ഉയർന്നതിനാല്‍ റിട്ടയേഡ് ജില്ലാ ജഡ്ജി പി.കെ. ഹനീഫയുടെ നേതൃത്വത്തിലുള്ള കമ്മീഷനെ സർക്കാർ നിയമിച്ചത്.

2020 മാർച്ച് 18ന് കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് കമ്മീഷന്‍ റിപ്പോർട്ട് സമർപ്പിച്ചു. പിന്നാലെ 2021ല്‍ സിബിഐക്ക് കേസ് കൈമാറി. ഡിവൈഎസ്‌പി അന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി തള്ളി. കേസില്‍ രണ്ടാമതും സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല.

SCROLL FOR NEXT