ഷെറില്‍, ബോംബ് സൂക്ഷിച്ച വീട് 
NEWSROOM

പാനൂർ സ്ഫോടനം: കൂടുതൽ പ്രതികൾക്ക് ജാമ്യം

മൂന്ന് , നാല് , അഞ്ച് പ്രതികൾക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍ പാനൂര്‍ സ്‌ഫോടന കേസില്‍ കൂടുതല്‍ പ്രതികള്‍ക്ക് ജാമ്യം. ആറാം പ്രതി സായൂജ്, ഏഴാം പ്രതി അമല്‍ ബാബു എന്നിവര്‍ക്കാണ്ഇന്ന് ജാമ്യം ലഭിച്ചത്. ഇരുവരും ഡിവൈഎഫ്‌ഐയുടെ യൂണിറ്റ് ഭാരവാഹികളാണ്. മൂന്ന്, നാല്, അഞ്ച് പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. 90 ദിവസമായിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

ഏപ്രില്‍ 5ന് പുലര്‍ച്ചെയായിരുന്നു ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകനായ ഷെറില്‍ മരിക്കുകയും, സിപിഎം പ്രവര്‍ത്തകനായ വലിയപറമ്പത്ത് വിനീഷിനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ച ഷെറില്‍ അടക്കം കേസില്‍ ആകെ 15 പ്രതികളാണുള്ളത്. കഴിഞ്ഞ മാസമാണ് കേസിലെ ഒന്നാം പ്രതി വിനീഷിനെ പൊലീസ് പിടികൂടിയത്.

സ്‌ഫോടനത്തില്‍ പരിക്കേറ്റ് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് ചെയ്തത്. ബോംബ് നിര്‍മാണത്തിന്റെ മുഖ്യസൂത്രധാരന്‍ വിനീഷെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ വീടിന് തൊട്ടടുത്ത നിര്‍മാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിര്‍മിച്ചിരുന്നത്. കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായിട്ടും പൊലീസ് ഇതുവരെയായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

SCROLL FOR NEXT