NEWSROOM

ഗോഗോ, ഇലക്ട്രിക് ഓട്ടോകൾക്ക് പുതിയ ബ്രാന്‍ഡുമായി ബജാജ്

ബജാജ് ഗോഗോ ഇ-ഓട്ടോകൾക്കുള്ള ബുക്കിങ്ങ് അംഗീകൃത ഡീലർ സ്റ്റോറിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഇലക്ട്രിക് ഓട്ടോകൾക്ക് പുത്തന്‍ ബ്രാൻഡുമായി ബജാജ് ഓട്ടോ ലിമിറ്റഡ്. ബജാജ് ​ഗോഗോ എന്ന് പേരിട്ടിരിക്കുന്ന ബ്രാൻഡ് കാർ​ഗോ, പാസഞ്ചർ വിഭാ​ഗത്തിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് വാ​ഗ്ദാനം ചെയ്യുന്നത്. P5009, P5012, P7012 എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് ​ഗോ​ഗോ പുറത്തിറക്കുന്നത്. പേരിലെ 'P' പാസഞ്ചർ എന്നാണ് അർഥമാക്കുന്നത്. ആദ്യത്തെ രണ്ട് അക്കങ്ങൾ വാഹനത്തിന്റെ വലുപ്പത്തെയും സൂചിപ്പിക്കുന്നു. അവസാന രണ്ട് അക്കങ്ങൾ (9 kWh, 12 kWh, 12 kWh) വാഹനത്തിന്‍റെ ബാറ്ററി ശേഷിയാണ് കാണിക്കുന്നത്.


ബജാജ് ഗോഗോ ശ്രേണിയിലുള്ള ഇലക്ട്രിക് ത്രീ വീലറുകൾ ഈ വിഭാ​ഗത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുമെന്ന് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഇൻട്രാ സിറ്റി ബിസിനസ് യൂണിറ്റ് പ്രസിഡന്റ് സമർദീപ് സുബന്ധ് പറഞ്ഞു. 251 കിലോമീറ്റർ വരെ സർട്ടിഫൈഡ് റേഞ്ച്, സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ എന്നിവ കൂടാതെ ബജാജിന്റെ വിശ്വാസ്യതയും സേവനവും ഉറപ്പു നൽകുന്ന ഗോഗോ ഉപയോക്താക്കളുടെ വരുമാനം പരമാവധിയാക്കുകയും ഡൗൺടൈമിന്റെയും അറ്റകുറ്റപ്പണികളുടെയും ബുദ്ധിമുട്ട് കുറയ്ക്കുകയും ചെയ്യുമെന്ന് സമർദീപ് അറിയിച്ചു.

കാർ​ഗോ, പാസഞ്ചർ സെ​ഗ്മെന്റുകളിൽ വൈവിധ്യമുള്ള ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്നാണ് ബജാജ് ​ഗോ​ഗോയുടെ അവകാശവാദം. ഒറ്റ ചാർജിൽ 251 കിലോമീറ്റർ വരെ റേഞ്ചാണ് വാഹനത്തിനുള്ളതെന്നാണ് കമ്പനി പറയുന്നത്. ഓട്ടോകളിൽ ആദ്യമായി ടു-സ്പീഡ് ഓട്ടോമേറ്റഡ് ട്രാൻസ്മിഷന്‍ സൗകര്യമുള്ള വാഹനമാകും ​ഗോഗോ. മെച്ചപ്പെട്ട റേഞ്ച്, ഗ്രേഡബിലിറ്റി എന്നിവയാണ് ഈ സംവിധാനം ഉറപ്പാക്കുന്നത്. ഓട്ടോ ഹസാർഡ്, ആന്റി-റോൾ ഡിറ്റക്ഷൻ, ശക്തമായ എൽഇഡി ലൈറ്റുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയവയും ബജാജ് ​ഗോ​ഗോയുടെ പ്രത്യേകതകളാണ്.

ബജാജ് ഗോഗോ P5009ന് 3,26,797 രൂപ (എക്സ്-ഷോറൂം) അയിരിക്കും വില. P7012ന് 3,83,004 രൂപയും. ബജാജ് ഗോഗോ ഇ-ഓട്ടോകൾക്കുള്ള ബുക്കിങ് അംഗീകൃത ഡീലർ സ്റ്റോറിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

SCROLL FOR NEXT