വി.ഡി. സവർക്കറിനെതിരെ വിവാദ പരാമർശം നടത്തിയെന്നാരോപിച്ച് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവുവിനെതിരെ പരാതിയുമായി ബജ്റംഗ്‍ദൾ നേതാവ്. കഴിഞ്ഞ ദിവസമാണ് ബജ്റംഗ്‍ദൾ നേതാവും പ്രവർത്തകനുമായ തേജസ് ഗൗഡ പരാതിയുമായി എത്തിയത്. ആരോഗ്യമന്ത്രി പൊതുസ്ഥലത്ത് സംസാരിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും തേജസ് ഗൗഡ പറഞ്ഞു.
ബ്രാഹ്മണനായിരുന്നിട്ടും സവർക്കർ ബീഫ് കഴിച്ചുവെന്ന കർണാടക മന്ത്രിയുടെ പരാമർശത്തിനെതിരെയായിരുന്നു ബജ്റംഗ്‍ദൾ നേതാവിന്‍റെ പരാതി. ആരോഗ്യമന്ത്രി എന്ന നിലയിൽ ഉത്തരവാദിത്തമുള്ള സ്ഥാനമാണ് അദ്ദേഹം ഇരിക്കുന്നത്. മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോഴോ പരസ്യമായി സംസാരിക്കുമ്പോഴോ ആരോഗ്യമന്ത്രി ശ്രദ്ധിക്കണം. സവർക്കറെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ സമീപകാല പ്രസ്താവന തെറ്റാണ്. ബ്രാഹ്മണനായിരുന്നിട്ടും സവർക്കർ ബീഫ് കഴിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ സവർക്കർ ബീഫ് കഴിച്ചതിന് എന്തെങ്കിലും തെളിവുണ്ടോ, നിങ്ങളുടെ സ്വപ്നത്തിൽ സവർക്കർ പ്രത്യക്ഷപ്പെട്ട് ബീഫ് കഴിച്ചത് സമ്മതിച്ചോ എന്നും തേജസ് ഗൗഡ ചോദിച്ചു.
ALSO READ: തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്: 'രാഷ്ട്രീയ നാടകം വേണ്ട, ഇത് വിശ്വാസികളുടെ കാര്യം'; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി
സവർക്കറെക്കുറിച്ചുള്ള ഇത്തരം തെറ്റായ ആരോപണങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിന് പകരം ഇത് തുറന്ന് ചർച്ച ചെയ്യാൻ തയ്യാറാണ്. ഈ വിഷയത്തിൽ ഒരു പൊതു ചർച്ചയ്ക്ക് തീയതിയും സ്ഥലവും സമയവും നിശ്ചയിക്കാൻ ആരോഗ്യമന്ത്രി ഗുണ്ടു റാവുവിനെ വെല്ലുവിളിക്കുന്നതായും തേജസ് ഗൗഡ പറഞ്ഞു.
ഒക്ടോബർ 2 ന് ദ മേക്കിംഗ് ഓഫ് നാഥുറാം ഗോഡ്‌സെ ആൻഡ് ഹിസ് ഐഡിയ ഓഫ് ഇന്ത്യയുടെ കന്നഡ പതിപ്പിൻ്റെ പ്രകാശന വേളയിലാണ് ആരോഗ്യമന്ത്രി സവർക്കാരിനെക്കുറിച്ചുള്ള പരാമർശം നടത്തിയത്. സവർക്കർ ഗോഹത്യയെ എതിർത്തിരുന്നില്ല. അദ്ദേഹം ഒരു ബ്രാഹ്മണനായിരുന്നു. പക്ഷേ അദ്ദേഹം ഒരു നോൺ വെജിറ്റേറിയനായിരുന്നു. ആ അർഥത്തിൽ സവർക്കർ ഒരു ആധുനിക വാദിയായിരുന്നു. അദ്ദേഹം ബീഫ് കഴിച്ചിരുന്നുവെന്നാണ് പറയുന്നതെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്.