NEWSROOM

ബാലരാമപുരം കൊലപാതകം: കൃത്യത്തിന് മുൻപുള്ള മെസേജുകൾ ഡിലീറ്റ് ചെയ്തു, അമ്മയുടെയും അമ്മാവൻ്റെയും ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും

ശ്രീതുവിനെയും ഹരികുമാറിനെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും

Author : ന്യൂസ് ഡെസ്ക്

ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ദുരൂഹത തുടരുന്നു. കുഞ്ഞിൻ്റെ അമ്മ ശ്രീതുവിൻ്റെയും അമ്മാവൻ ഹരികുമാറിൻ്റെയും ഫോൺ ശാസ്ത്രീയ പരിശോധനക്കയക്കും. രണ്ട് പേരും തമ്മിലുള്ള ചാറ്റുകൾ വീണ്ടെടുക്കുന്നതിനാണ് പരിശോധന. കൊലപാതകത്തിന്റെ തലേദിവസമുള്ള മെസേജുകൾ ഫോണിൽ ഡിലീറ്റ് ചെയ്തിരുന്നു.

ശ്രീതുവിനെയും ഹരികുമാറിനെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. നിലവിൽ പൂജപ്പുര വനിത മന്ദിരത്തിലാണ് ശ്രീതു ഉളളത്. ഇവരെ ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ എത്തിച്ചായിരിക്കും ചോദ്യം ചെയ്യൽ.

സഹോദരിയോടുള്ള വ്യക്തിവൈരാഗ്യമാണ് പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിലേക്ക് പ്രതിയെ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഹരികുമാറിന്റെയും ശ്രീതുവിന്റെയും വാട്‌സ്ആപ്പ് ചാറ്റുകളും കഴിഞ്ഞ ദിവസം പൊലീസ് പരിശോധിച്ചു. ശ്രീതുവും ഭര്‍ത്താവും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളും വീടിന് സമീപം കണ്ടെത്തിയ കയര്‍ കൊണ്ടുള്ള കുരുക്കുകളും ആദ്യ ഘട്ടത്തിലേ സംശയം ജനിപ്പിച്ചിരുന്നു. കുഞ്ഞിന്റെത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു. ഹരികുമാറിന്റെ മൊഴി ശരിവയ്ക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കേസില്‍ കുട്ടിയുടെ അമ്മാവന്‍ ഹരികുമാറിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം തന്നെ രേഖപ്പെടുത്തി. മൊഴിയെടുപ്പ് പൂർത്തിയായ ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം.

SCROLL FOR NEXT