NEWSROOM

പിന്നില്‍ അന്ധവിശ്വാസമോ? ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ദുരൂഹത തുടരുന്നു

ശംഖുമുഖത്ത് നിന്ന് മുട്ടയ്ക്ക് ഏറ് കിട്ടിയപ്പോ മുങ്ങിയതാണ്. പിന്നെ ജോത്സ്യനായിട്ടാണ് കാണുന്നതെന്നും അയല്‍വാസി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ബാലരാമപുരത്തെ ദേവേന്ദുവിന്റെ കൊലയ്ക്ക് പിന്നില്‍ അന്ധവിശ്വാസമോ?... ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ കുടുംബത്തിന് വ്യത്യസ്തമായ പൂജാവിധികള്‍ ഉണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. കുടുംബവുമായി അടുത്ത ബന്ധമുള്ള ജോത്സ്യനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കരിക്കകം സ്വദേശിയായ ദേവീദാസനാണ് ജോത്സ്യന്‍. കുഞ്ഞിന്റെ ജനനശേഷമാണ് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായതെന്ന് ജോത്സ്യന്‍ പറഞ്ഞതായാണ് ശ്രീതു പൊലീസിന് നല്‍കിയ മൊഴി. പ്രതിവിധിയായി കുഞ്ഞിന്റെ തല മൊട്ടയടിപ്പിച്ചിരുന്നുവെന്നും ശ്രീതു മൊഴി നല്‍കിയിരുന്നു.

കേസില്‍ കൂടുതല്‍ ശാസ്ത്രീയമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്. ശ്രീതുവിന്റേയും സഹോദരന്‍ ഹരികുമാറിന്റേയും ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഹരികുമാറിനെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

കുഞ്ഞിന്റെ കൊലപാതകത്തില്‍ സംശയമുനയിലുള്ള ജോത്സ്യന്‍ മുമ്പ് മുട്ടക്കച്ചവടക്കാരനായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദീപ് എന്നായിരുന്നു പേര്. ട്യൂട്ടോറിയല്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീടാണ് ജോത്സ്യനായത്. ശംഖുമുഖത്ത് നിന്ന് മുട്ടയ്ക്ക് ഏറ് കിട്ടിയപ്പോൾ മുങ്ങിയതാണ്. പിന്നെ ജോത്സ്യനായിട്ടാണ് കാണുന്നതെന്നും അയല്‍വാസി പറഞ്ഞു. സമീപ കാലത്ത് ജ്യോതിഷ പഠന്‍ കേന്ദ്രം തുടങ്ങിയതായും അയല്‍വാസികള്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

അതേസമയം, കുഞ്ഞിന്റെ കൊലപാതകത്തില്‍ ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ശ്രീജിത്തും പിതാവും രംഗത്തെത്തിയിട്ടുണ്ട്.

SCROLL FOR NEXT