NEWSROOM

ബംഗ്ലാദേശ് ചരിത്രത്തില്‍നിന്നും ബംഗാബന്ധു ഔട്ട്: സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് സിയാവുര്‍ റഹ്മാനെന്ന് പുതിയ പാഠം; മുജീബുര്‍ റഹ്മാന്റെ രാഷ്ട്രപിതാവ് പദവിയും നീക്കി

2025 അധ്യായന വർഷത്തിലേക്കുള്ള പാഠപുസ്കങ്ങളില്‍ നിന്നാണ് ബംഗ്ലാദേശ് വിമോചന നേതാവും ഷെയ്ഖ് ഹസീനയുടെ പിതാവുമായ 'ബംഗബന്ധു' ഷെയ്ഖ് മുജീബുർ റഹ്മാൻ പുറത്തായത്

Author : ന്യൂസ് ഡെസ്ക്

ബം​ഗ്ലാദേശിലെ പുതിയ പാഠപുസ്തകങ്ങളിൽ നിന്നും സ്ഥാപക നേതാവ് ബംഗാബന്ധു ഷെയ്ഖ് മുജിബുർ റഹ്മാൻ്റെ പേരു നീക്കം ചെയ്ത് ഇടക്കാല സ‍ർക്കാ‍ർ. 1971ലെ ബംഗ്ലാദേശിന്‍റെ സ്വാതന്ത്രപ്രഖ്യാപനം നടത്തിയത് അന്ന് പട്ടാളതലവനായിരുന്ന സിയാവുർ റഹ്മാനാണെന്നാണ് പുതിയ കരിക്കുലം. രാജ്യംവിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവും സ്വാതന്ത്രസമര നേതാവുമായ മുജീബുർ റഹ്മാനെ രാഷ്ട്രപിതാവെന്ന പദവിയില്‍ നിന്നും വെട്ടിമാറ്റി.

പാഠപുസ്തകങ്ങളിൽ കൊണ്ടുവന്ന മാറ്റങ്ങൾക്ക് നേതൃത്വം കൊടുത്ത എഴുത്തുകാരനും ഗവേഷകനുമായ രഖൽ റാഹ, "അതിശയോക്തിപരവും അടിച്ചേൽപ്പിക്കപ്പെട്ടതുമായ ചരിത്രത്തിൽ" നിന്ന് പാഠപുസ്തകങ്ങളെ മോചിപ്പിക്കാനാണ് ശ്രമിച്ചതെന്ന് പറഞ്ഞു.

2025 അധ്യയന വർഷത്തിലേക്കുള്ള പാഠപുസ്കങ്ങളില്‍ നിന്നാണ് ബംഗ്ലാദേശ് വിമോചന നേതാവും ഷെയ്ഖ് ഹസീനയുടെ പിതാവുമായ 'ബംഗബന്ധു' ഷെയ്ഖ് മുജീബുർ റഹ്മാൻ പുറത്തായത്. പുതിയ കരിക്കുലമനുസരിച്ച്, 1971 മാർച്ച് 26ലെ ബംഗ്ലാദേശിന്‍റെ സ്വാതന്ത്രപ്രഖ്യാപനം നടത്തിയത് മുജീബുർ റഹ്മാനല്ല. പകരം, അന്ന് പട്ടാളതലവനായിരുന്ന, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി സ്ഥാപകന്‍ സിയാവുർ റഹ്മാനാണ്.

പാകിസ്താനില്‍ നിന്നുള്ള ബംഗ്ലാദേശിന്‍റെ സ്വാതന്ത്രപ്രഖ്യാപനം കാലാകാലങ്ങളായി തർക്കവിഷയമാണ്. ഭരണമാറ്റങ്ങള്‍ക്കൊപ്പം നിരവധി തവണ തിരുത്തപ്പെട്ട ചരിത്രമാണിത്. വിമോചനസമരത്തെ നയിച്ച ഷെയ്ഖ് മുജീബുർ റഹ്മാനാണ് മാർച്ച് 26 ലെ ആദ്യ സ്വാതന്ത്ര പ്രഖ്യാപനം നടത്തിയതെന്ന അവാമി ലീഗിന്‍റെ അവകാശവാദം ശരിവെയ്ക്കുന്നതാണ് മാധ്യമ ആർക്കെയ്‌വുകള്‍. എന്നാല്‍ 1978-ൽ സിയാവൂർ റഹ്മാൻ ബംഗ്ലാദേശ് പ്രസിഡൻ്റായിരുന്ന കാലത്ത് ഈ ചരിത്രം തിരുത്തിയെഴുതപ്പെട്ടു. മാർച്ച് 27 ലെ സിയാവൂറിന്‍റെ സ്വാതന്ത്രപ്രഖ്യാപനം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. ബംഗ്ലാദേശ് സുപ്രീം കോടതി വിധിയുടെ പിന്തുണയോടെ 2009-ൽ അധികാരത്തിൽ വന്ന ഷെയ്ഖ് ഹസീന ഈ മാറ്റം അസാധുവായി പ്രഖ്യാപിച്ചു.

SCROLL FOR NEXT