ശ്യാമോള്‍ ദത്ത 
NEWSROOM

ബംഗ്ലാദേശ് മാധ്യമ പ്രവര്‍ത്തകനും കുടുംബത്തിനും രാജ്യം വിടുന്നതിന് വിലക്ക്

ഇന്ത്യയിലേക്ക് തിരിച്ച ഇവരെ അഖൗറ ബോര്‍ഡര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് ഇമിഗ്രേഷന്‍ വിഭാഗം തിരികെ അയക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ബംഗ്ലാദേശ് മാധ്യമ പ്രവര്‍ത്തകന്‍ ശ്യാമോള്‍ ദത്തിനും കുടുംബത്തിനും രാജ്യം വിടുന്നതിന് വിലക്ക്. ഇന്ത്യയിലേക്ക് തിരിച്ച ഇവരെ അഖൗറ ബോര്‍ഡര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് ഇമിഗ്രേഷന്‍ വിഭാഗം തിരികെ അയക്കുകയായിരുന്നു.

അവാമി ലീഗ് പാര്‍ട്ടിയെ അനുകൂലിക്കുന്ന മാധ്യമപ്രവര്‍ത്തകനായിട്ടാണ് ശ്യാമോള്‍ ദത്ത അറിയപ്പെടുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ഷെയ്ഖ് ഹസീന രാജ്യം വിട്ടശേഷം അവാമി പാര്‍ട്ടി അനുകൂലികളുടെ വീടുകളും സ്വത്തുക്കളും പ്രതിഷേധക്കാര്‍ കൊള്ളയടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യം വിടാന്‍ തീരുമാനിക്കുകയായിരുന്നു ശ്യാമോള്‍. അഖൗറ അന്താരാഷ്ട്ര ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിലെത്തിയ ശ്യാമോളിനെയും കുടുംബത്തെയും അധികൃതര്‍ തിരികെ അയക്കുകയായിരുന്നു. തന്നെയും കുടുംബത്തെയും ഇന്ത്യയിലേക്ക് കടത്തിവിടാന്‍ ശ്യാമോള്‍ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ല.

രാജ്യം വിടാനായി ശ്യാമോള്‍ ദത്ത, ഭാര്യ സഞ്ചിത ദത്ത, മകള്‍ സുനന്ദ ദത്ത എന്നിവര്‍ അഖൗറയിലെത്തിയെന്ന് ഇമിഗ്രേഷന്‍ കേന്ദ്രത്തിന്റെ പൊലീസ് ഇന്‍ ചാര്‍ജ് മുഹമ്മദ് ഖൈറുള്‍ ആലം സ്ഥിരീകരിച്ചു. 4 മണിക്കെത്തിയ ശ്യാമോളിനെയും കുടുംബത്തെയും അര മണിക്കൂറിനു ശേഷമാണ് തിരികെ അയച്ചത്.

അവാമി ലീഗ് പാര്‍ട്ടി അനുകൂലിയായി അറിയപ്പെടുന്ന ശ്യാമോള്‍ ദത്ത ഭോറെര്‍ കഗോജ് എന്ന മാധ്യമത്തിന്റെ എഡിറ്ററും ജതീയ പ്രസ് ക്ലബ് ജനറല്‍ സെക്രട്ടറിയുമാണ്.


SCROLL FOR NEXT