ഷെയ്ഖ് ഹസീന red notice 
NEWSROOM

ഷെയ്ഖ് ഹസീനയടക്കം 12 പേര്‍ക്കെതിരെ റെഡ് നോട്ടീസ്; ആവശ്യവുമായി ഇന്റര്‍പോളിനെ സമീപിച്ച് ബംഗ്ലാദേശ്

Author : ന്യൂസ് ഡെസ്ക്

മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി ഇന്റര്‍പോളിനെ സമീപിച്ച് ബംഗ്ലാദേശ് പൊലീസ്. ജനരോഷത്തെ തുടര്‍ന്ന് പദവി ഒഴിഞ്ഞ് പാലായനം ചെയ്ത ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയിലാണുള്ളത്.

ഹസീനയടക്കം പന്ത്രണ്ട് പേര്‍ക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് ബംഗ്ലാദേശ് പൊലീസ് സെന്‍ട്രല്‍ ബ്യൂറോയുടെ ആവശ്യം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്.

കോടതികളില്‍ നിന്നോ, പബ്ലിക് പ്രോസിക്യൂട്ടര്‍മാരില്‍ നിന്നോ, അന്വേഷണ ഏജന്‍സികളില്‍ നിന്നോ ഉള്ള അപ്പീലുകളുടെ അടിസ്ഥാനത്തിലാണ് എന്‍സിബി ഇത്തരം അപേക്ഷകള്‍ നല്‍കുന്നത്.


ലോകമെമ്പാടുമുള്ള നിയമപാലകരോട് കൈമാറല്‍, കീഴടങ്ങല്‍ അല്ലെങ്കില്‍ സമാനമായ നിയമനടപടികള്‍ കാത്തിരിക്കുന്ന ഒരാളെ കണ്ടെത്തി താല്‍ക്കാലികമായി അറസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നതാണ് റെഡ് നോട്ടീസ്. അഭ്യര്‍ത്ഥിക്കുന്ന രാജ്യത്തെ ജുഡീഷ്യല്‍ അധികാരികള്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെയോ കോടതി ഉത്തരവിന്റെയോ അടിസ്ഥാനത്തിലാണ് ഇത്. ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതില്‍ അംഗരാജ്യങ്ങള്‍ സ്വന്തം നിയമങ്ങള്‍ പ്രയോഗിക്കുന്നു.

ഷെയ്ഖ് ഹസീനയെ തിരിച്ചെത്തിക്കാനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയാണ് ബംഗ്ലാദേശ്. ദിവസങ്ങള്‍ക്കു മുമ്പാണ് ഹസീനയുടെ ധന്‍മോണ്ടിയിലെ വീടായ സുദസ്ഥാനും ബന്ധുക്കളുടെ സ്വത്തുക്കളും കണ്ടുകെട്ടാന്‍ ധാക്ക കോടതി ഉത്തരവിട്ടത്. ഷെയ്ഖ് ഹസീനയുടെ ബന്ധുക്കളുടെ 124 ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുക്കാനും കോടതി നിര്‍ദേശിച്ചു. ആന്റി കറപ്ഷന്‍ കമ്മീഷന്റെ (എസിസി) അപേക്ഷയെ തുടര്‍ന്നാണ് നടപടി.

SCROLL FOR NEXT