NEWSROOM

തൃശൂർ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ജീവനക്കാരെ ബന്ദിയാക്കി മോഷണം

ഉച്ചയ്ക്ക് രണ്ട് മണിക്ക് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്ത് മുഖം മറച്ച ഒരാൾ കത്തിയുമായി ബാങ്കിലേക്ക് കടന്നുവരികയായിരുന്നു

Author : ന്യൂസ് ഡെസ്ക്

തൃശൂർ ചാലക്കുടിയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള. പോട്ട ഫെഡറൽ ബാങ്ക് ശാഖയിലായിരുന്നു മോഷണം. ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുന്ന നേരത്താണ് മോഷണം നടന്നത്. എട്ട് ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്. എത്ര രൂപയാണ് മോഷ്ടിക്കപ്പെട്ടെന്നത് സ്ഥിരീകരിച്ചിട്ടില്ല.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്ത് മുഖം മറച്ച ഒരാൾ കത്തിയുമായി ബാങ്കിലേക്ക് കടന്നുവരികയായിരുന്നു. ആ സമയത്ത് ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെ കത്തികാട്ടി ഭാഷണിപ്പെടുത്തി ടൊയ്‌ലെറ്റിനുള്ളിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് ഇയാൾ ക്യാഷ് കൗണ്ട‍ർ തല്ലിപ്പൊളിച്ച് അവിടെയുണ്ടായിരുന്ന പണം മുഴുവൻ കൊള്ളയടിച്ചു. ഏകദേശം 15 മിനിറ്റ് സമയത്തിനുള്ളിൽ ഇയാൾ മോഷണം പൂർത്തിയാക്കി ബാങ്കിൽ നിന്നും രക്ഷപ്പെട്ടു.

ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബാങ്കിൽ എത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. മോഷണം നടന്ന് ഒരു മണിക്കൂർ മാത്രമേ ആയിട്ടുള്ളൂ എന്നതിനാൽ അക്രമി അധികം ദൂരം സഞ്ചിരിച്ചിരിക്കാൻ സാധ്യതയില്ലാ എന്ന നി​ഗമനത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം. പ്രതി ബാങ്കിലേക്ക് സ്കൂട്ടറില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖം മറച്ചെത്തിയ ആൾ ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്നാണ് ജീവനക്കാരിൽ ചിലർ പറയുന്നത്.

SCROLL FOR NEXT