NEWSROOM

പാപ്പരാക്കിയാല്‍ സേവനങ്ങള്‍ പൂർണമായി നിർത്തി തൊഴിലാളികളെ പിരിച്ചു വിടേണ്ടി വരും; കോടതിയോട് ബൈജു രവീന്ദ്രൻ

22 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കിയിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പായിരുന്നു ബൈജൂസ്

Author : ന്യൂസ് ഡെസ്ക്

പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോയാല്‍ എല്ലാവിധ സേവനങ്ങളും അവസാനിപ്പിക്കേണ്ടി വരുമെന്ന് എഡ്‌ടെക് കമ്പനി ബൈജൂസിൻ്റെ സിഇഒ ബൈജു രവീന്ദ്രന്‍ കോടതിയെ അറിയിച്ചതായി റോയിട്ടേഴ്‌സ്. ബൈജൂസിലെ ആയിരക്കണക്കിനു തൊഴിലാളികളെ പിരിച്ചുവിടാന്‍ നിർബന്ധിതരാകുമെന്നും ബൈജു അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

22 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കിയിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പായിരുന്നു ബൈജൂസ്. പ്രൊസസ്, ജനറല്‍ അറ്റ്‌ലാൻ്റിക് എന്നിവരാണ് ബൈജൂസിൻ്റെ പ്രധാന നിക്ഷേപകര്‍. തൊഴിലാളികളുടെ പിരിച്ചു വിടല്‍, നിക്ഷേപകരുമായുള്ള തര്‍ക്കം, വാല്യുവേഷനിലുണ്ടായ തകര്‍ച്ച എന്നിങ്ങനെ കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിടുകയാണ് ബൈജൂസ്. സിഇഒ ആയ ബൈജു രവീന്ദ്രന് കോര്‍പറേറ്റ് ഭരണത്തില്‍ വീഴ്ച സംഭവിച്ചുവെന്നായിരുന്നു നിക്ഷേപകരുടെ ആരോപണം. എന്നാല്‍ തനിക്ക് വീഴ്ച സംഭവിച്ചിട്ടില്ലായെന്ന നിലപാടിലാണ് ബൈജു.

ഒരു ട്രിബ്യൂണലിനു മുന്‍പാകെ ബിസിസിഐ സമര്‍പ്പിച്ച പരാതിയാണ് ഇപ്പോള്‍ ബൈജൂസ് നേരിടുന്ന പ്രധാന വെല്ലുവിളി. 19 മില്യണ്‍ ഡോളര്‍ സ്പോണ്‍സർഷിപ് ഇനത്തില്‍ നല്‍കാനുണ്ടെന്ന് കാട്ടി ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ പരാതിയാണ് ബൈജൂസിനെ പാപ്പര്‍ പ്രഖ്യാപനത്തിനു പ്രേരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ബൈജൂസിൻ്റെ ആസ്തികള്‍ മരവിപ്പിക്കുകയും ബോര്‍ഡു പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

കര്‍ണാടക കോടതിയില്‍ ബൈജു രവീന്ദ്രൻ്റെ വക്കീല്‍ സമര്‍പ്പിച്ച 452 പേജുകളുള്ള രേഖകള്‍ ഔദ്യോഗികമായി പരസ്യമാക്കിയിട്ടില്ല . എന്നാല്‍ ഇവ പരിശോധിച്ച റോയിട്ടേഴ്‌സാണ് സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ബൈജൂസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് കോടതി കേസില്‍ വാദം കേള്‍ക്കുന്നത്.

21 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബൈജൂസ്, വിദ്യാര്‍ഥികള്‍ക്ക് കോവിഡ് 19 കാലത്ത് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നല്‍കിയാണ് യുണീക്കോണ്‍ സ്ഥാപനമായത്. 16,000 അധ്യാപകരടക്കം 27,000 തൊഴിലാളികളാണ് ബൈജൂസിലുളളത്.



SCROLL FOR NEXT