കോഡിൻ അടങ്ങിയ നിരോധിത ചുമ സിറപ്പിൻ്റെ 72,000 കുപ്പികൾ മധ്യപ്രദേശ് പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സാഗർ സ്വദേശി അരവിന്ദ് ജെയിൻ,മകൻ സത്തു ജെയ്ൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇതിനു മുമ്പ് 800 ഓളം പെട്ടികളിലാക്കി പാക്ക് ചെയ്ത നിലയിൽ സിറപ്പ് കണ്ടെത്തിയിരുന്നു. മധ്യപ്രദേശിലെ രേവയിൽ കഫ് സിറപ്പ് വിൽക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർ അന്വേഷണത്തിൽ ഇതിൻ്റെ ഉറവിടം സാഗറിൽ നിന്നാണെന്ന് കണ്ടെത്തി. അരവിന്ദ് ജെയിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്നാണ് 1.22 കോടി രൂപ വിലമതിക്കുന്ന കഫ് സിറപ്പ് കുപ്പികൾ പിടിച്ചെടുത്തത്. യുവാക്കൾക്കിടയിൽ കോഡിൻ അടങ്ങിയ കഫ് സിറപ്പുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിനിടെയാണ് പൊലീസിൻ്റെ നിർണായക ഇടപെടൽ.