കൊച്ചി: ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനുമായി ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'അതിരടി'. മെയ് 14ന് തിയേറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന്റെ ആഗോള ഗ്രോസ് 50 കോടി രൂപ കടന്നിരിക്കുന്നു. മികച്ച പ്രേക്ഷക പ്രതികരണവുമായി 'അതിരടി' പ്രദർശനം തുടരുകയാണ്.
ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ആദ്യ ദിനം തകർപ്പൻ തുടക്കമാണ് ചിത്രത്തിന് ലഭിച്ചത്. 13.3 കോടിയോളമാണ് ചിത്രത്തിന്റെ ആദ്യ ദിന ആഗോള ഗ്രോസ്. ഈ വർഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ ആഗോള ഓപ്പണിങ് ആണ് 'അതിരടി' നേടിയത്. 'എമ്പുരാൻ' (18.60 കോടി), 'പേട്രിയറ്റ്' (10 കോടി) എന്നീ ചിത്രങ്ങളാണ് മുന്നിൽ.
ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ഷാൻ റഹ്‌മാൻ എന്നിവരുടെ പ്രകടനം തന്നെയാണ് 'അതിരടി'യുടെ ഹൈലൈറ്റ്. സർപ്രൈസ് ക്യാമിയോയും പ്രേക്ഷകരുടെ കയ്യടി ഏറ്റുവാങ്ങി. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് സിനിമയുടെ സംവിധാനം. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് 'അതിരടി' നിർമിച്ചിരിക്കുന്നത്.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത മല്ലു സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് 'അതിരടി'യുടെ സംവിധായകൻ അരുണ്‍. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ. സംവിധായകനും ഛായാഗ്രഹകനുമായ സമീർ താഹിറും ടൊവിനോ തോമസും 'അതിരടി'യുടെ സഹനിർമാതാക്കളാണ്. 'മിന്നല്‍ മുരളി'ക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും സമീർ താഹിറും അരുൺ അനിരുദ്ധനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒരുമിച്ച് എത്തുന്ന ചിത്രം എന്ന പ്രത്യേകതയും 'അതിരടി'ക്കുണ്ട്. നിവിൻ പോളിയുടെ 'സർവ്വം മായ' എന്ന ചിത്രത്തിലെ ഡെലുലു എന്ന കഥാപാത്രമായി കയ്യടി നേടിയ റിയാ ഷിബുവും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്.
ഛായാഗ്രഹണം - സാമുവൽ ഹെൻറി, എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സൺ ജോർജ്, വരികൾ - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - ആന്റണി തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, വിഎഫ്എക്സ് - മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോ. ഡയറക്ടർ - സുകു ദാമോദർ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം.