അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ ഇന്ത്യന്‍ വിഭാഗമായിരുന്ന ബിബിസി ഇന്ത്യക്ക് 3കോടി 44 ലക്ഷം രൂപ പിഴയിട്ട് എൻഫോഴ്മെൻ്റ് ഡയറക്ടറേറ്റ്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘിച്ചതിനാണ് നടപടി. ബിബിസി ഇന്ത്യയുടെ മൂന്ന് ഡയറക്ടർമാർ 1.14 കോടി പിഴയും നൽകണം. 2023-ൽ എടുത്ത കേസിലാണ് നടപടി.
2023 ഏപ്രിലിലാണ് ബിബിസിഇ ഇന്ത്യക്കെതിരെ ഫെമ നിയമപ്രകാരം ഇഡി കേസെടുത്തത്. നികുതി വെട്ടിപ്പിനും വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിനുമായിരുന്നു കേസ്. 2020-ൽ ഡിജിറ്റൽ മാധ്യമങ്ങളിലെ വിദേശ നിക്ഷേപ പരിധി 26 ശതമാനമാക്കി കേന്ദ്രം ഉത്തരവിറക്കിയിരുന്നു. ഇതിൽ കൂടുതൽ നിക്ഷേപം സ്വീകരിച്ചവർ നിക്ഷേപം കുറയ്ക്കണമെന്നായിരുന്നു ഉത്തരവ്. 100 ശതമാനം വിദേശ നിക്ഷേപ കമ്പനിയായ ബിബിസി ഇന്ത്യ, വിദേശ നിക്ഷേപം 26 ശതമാനമായി കുറയ്ക്കാത്തതിനാണ് നടപടി. നിയമലംഘന കാലയളവിൽ കമ്പനി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച ഡയറക്ടർമാരായ ഗൈൽസ് ആന്റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ മൈക്കൽ ഗിബ്ബൺസ് എന്നിവർക്കാണ് 1.14 കോടി രൂപ വീതം പിഴ ചുമത്തിയിരിക്കുന്നത്.
ഇതേ വർഷം ഫെബ്രുവരിയില്‍ ബിബിസി ഇന്ത്യയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന 'ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിന് പിന്നാലെയായിരുന്നു റെയ്ഡ്. പിന്നാലെ ചാനലിനെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തു.
റെയ്ഡില്‍ പിടിച്ചെടുത്ത നികുതിരേഖകളും മറ്റും വിശദമായി പരിശോധിച്ച ശേഷമായിരുന്നു ഇഡിയുടെ കേസെടുത്തത്. ആദായനികുതിയുടെ കാര്യത്തിലുള്ള ഇന്ത്യന്‍ നിയമങ്ങള്‍ ബിബിസി പാലിക്കുന്നില്ലെന്നും, ലാഭവിഹിതം രാജ്യത്തുനിന്ന് പുറത്തുകൊണ്ടുപോകുമ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും, നോട്ടീസുകള്‍ക്ക് മറുപടി നല്‍കിയില്ലെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.