NEWSROOM

ബം​ഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു

സെപ്റ്റംബർ 27 മുതൽ കാൺപൂരിലാണ് രണ്ടാം ടെസ്റ്റ് നടക്കുക

Author : ന്യൂസ് ഡെസ്ക്


ബം​ഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് വിജയത്തിന് പിന്നാലെ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ആദ്യ ടെസ്റ്റിനുള്ള ടീമിൽ നിന്ന് മാറ്റങ്ങൾ ബിസിസിഐ വരുത്തിയിട്ടില്ല. ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയെങ്കിലും മലയാളി താരം സ‍ഞ്ജു സാംസൺ ടെസ്റ്റ് ടീമിലെ അവസരത്തിനായി ഇനിയും കാത്തിരിക്കണം. സെപ്റ്റംബർ 27 മുതൽ കാൺപൂരിലാണ് രണ്ടാം ടെസ്റ്റ് നടക്കുക.

കാൺപൂരിലെ രണ്ടാം ടെസ്റ്റിലും വലിയ വിജയം നേടി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തുകയാണ് ഇന്ത്യൻ ടീമിൻ്റെ ലക്ഷ്യം. പരമ്പരയിൽ തിരിച്ചുവരവാണ് ബം​ഗ്ലാദേശിന് മുന്നിലുള്ള വെല്ലുവിളി.

ബം​ഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ 280 റൺസിന്റെ വമ്പൻ ജയമാണ് ഇന്ത്യൻ സംഘം നേടിയത്. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ 1-0ന് മുന്നിലെത്താനും ഇന്ത്യക്കായി. അതോടൊപ്പം ടെസ്റ്റ് ഫോർമാറ്റിൻ്റെ ചരിത്രത്തിൽ, കഴിഞ്ഞ 92 വർഷത്തിനിടയിൽ ഇതാദ്യമായി തോൽവികളേക്കാൾ കൂടുതൽ ജയം എന്ന നേട്ടത്തിലേക്കും ഇന്ത്യ ആദ്യമായെത്തി.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം:

രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജെയ്സ്വാൾ, ശുഭ്മാൻ ​ഗിൽ, വിരാട് കോഹ്‍ലി, കെ.എൽ. രാഹുൽ, സർഫറാസ് ഖാൻ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, യാഷ് ദയാൽ.

SCROLL FOR NEXT