NEWSROOM

അങ്ങനെ തീരുമാനമായി; ചാമ്പ്യന്‍സ് ട്രോഫി ഹൈബ്രിഡ് മോഡലില്‍, ഇന്ത്യയുടെ മത്സരം ദുബായില്‍

Author : ന്യൂസ് ഡെസ്ക്

അങ്ങനെ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരം എങ്ങനെ നടത്തണമെന്നതില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ധാരണയായി. ഹൈബ്രിഡ് മോഡലില്‍ മത്സരം നടത്താനാണ് ബിസിസിഐയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും (പിസിബി)യും തമ്മില്‍ ധാരണയായത്. ഐസിസിയും ഇന്ത്യ മുന്നോട്ടുവെച്ച ആശയത്തെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനിലും ദുബായിലുമായിട്ടായിരിക്കും മത്സരം നടക്കുക.

സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി ഇന്ത്യന്‍ താരങ്ങളെ പാകിസ്ഥാനിലേക്ക് അയക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ടൂര്‍ണമെന്റ് പൂര്‍ണമായും പാകിസ്ഥാനില്‍ വെച്ചു തന്നെ നടത്തണമെന്ന് പിസിബിയും നിലപാടെടുത്തു. ഇതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്.


എന്തായാലും ഇരു ബോര്‍ഡുകളും തമ്മില്‍ ധാരണയിലെത്തിയതോടെ, ടൂര്‍ണമെന്റ് നടക്കുമോ എന്ന ആശങ്ക ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍. ഐസിസി അംഗീകരിച്ച ഹൈബ്രിഡ് മോഡല്‍ അനുസരിച്ച്, പാകിസ്ഥാനിലെ വേദികളില്‍ നിശ്ചയിച്ച പ്രകാരം മത്സരം നടക്കും.ഇന്ത്യയുടെ മത്സരങ്ങൾക്കെല്ലാം ദുബായ് വേദിയാകും. ഇന്ത്യ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍ പ്രവേശിച്ചാല്‍ ദുബായ് തന്നെയായിരിക്കും വേദി.

നോക്ക് ഔട്ട് സ്‌റ്റേജിന് മുമ്പ് ഇന്ത്യ പുറത്താവുകയാണെങ്കില്‍ ഫൈനല്‍ മത്സരങ്ങള്‍ പാകിസ്ഥാനില്‍ തന്നെ നടക്കും. ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം നഷ്ടമായതിന് പിസിബിക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പകരം, 2027 നു ശേഷമുള്ള ഐസിസി വനിതാ ടൂര്‍ണമെന്റിന് പാകിസ്ഥാന്‍ വേദിയാകും.

നേരത്തേ, ഇന്ത്യന്‍ താരങ്ങളെ പാകിസ്ഥാനിലേക്ക് അയച്ചില്ലെങ്കില്‍ 2026 ല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങൾക്കായി പാക് താരങ്ങളെ ഇന്ത്യയിലേക്ക് അയക്കില്ലെന്നായിരുന്നു പിസിബിയുടെ നിലപാട്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരം നടക്കുക. ക്രിക്കറ്റ് ലോകത്തെ ബദ്ധവൈരികളായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ലാഹോറില്‍ നടത്താമെന്നായിരുന്നു പിസിബി മുന്നോട്ടുവെച്ചത്. പുതിയ മാതൃകയില്‍ ഈ മത്സരത്തിന് ദുബായ് വേദിയാകും.

SCROLL FOR NEXT