ടൈം മെഷീനിലൂടെ പ്രായമായവരെ ചെറുപ്പമാക്കാമെന്ന് വാഗ്ദാനം നൽകി യുപി സ്വദേശികളായ ദമ്പതികൾ പണം തട്ടിയതായി പരാതി. രേണു സിംഗ് എന്ന യുവതിയാണ് ദമ്പതികൾക്കെതിരെ പരാതി നൽകിയത്. രേണു സിംഗിൽ നിന്ന് 10.75 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. നൂറോളം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഇവരിൽ നിന്നെല്ലാമായി 35 കോടിയോളം ദമ്പതികൾ തട്ടിയതായും രേണു സിംഗ് ആരോപിച്ചു.
ഇസ്രയേല്‍ നിർമിത ടൈം മെഷീന്‍ ഉപയോഗിച്ച് 60 വയസുകാരെ 25 വയസുകാരാക്കാമെന്നായിരുന്നു രാജീവ് കുമാർ ദുബെയുടെയും ഭാര്യ രശ്മി ദുബെയുടെയും വാഗ്ദാനം. ഇരുവരും ചേർന്ന് കാന്‍പൂരിലെ കിദ്വായ് നഗറില്‍ ആരംഭിച്ച റിവൈവല്‍ വേള്‍ഡ് എന്ന തെറാപ്പി സെന്‍റായിരുന്നു തട്ടിപ്പിന്‍റെ കേന്ദ്രം.
ഒക്സിജന്‍ തെറാപ്പി വഴി പ്രായമായവരെ യുവാക്കളാക്കാന്‍ കഴിയുമെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിക്കാന്‍ ഇവർക്ക് കഴിഞ്ഞുവെന്ന് പൊലീസ് പറയുന്നു. മലിനമായ വായു ശ്വസിച്ചതിനാലാണ് ആളുകള്‍ പെട്ടെന്ന് വൃദ്ധരാകുന്നതെന്ന് ഇവർ ആദ്യം പ്രചരിപ്പിക്കും. പിന്നാലെ, രണ്ട് പാക്കേജുകളുള്ള ഓക്സിജന്‍ തെറാപ്പി അവതരിപ്പിക്കും. ഇതായിരുന്നു തട്ടിപ്പിന്‍റെ രീതി. 10 സെക്ഷനുള്ള പാക്കേജിന് 6,000 രൂപയും മൂന്ന് വർഷത്തേക്കുള്ളതിന് 90,000 രൂപയുമാണ് ദമ്പതികള്‍ വാങ്ങിയിരുന്നത്.
Also Read: രണ്ട് മാസം മുമ്പ് ജീവന് ഭീഷണിയുണ്ടെന്ന് പരാതി; അമേഠിയില്‍ കുടുംബം വെടിയേറ്റ് കൊല്ലപ്പെട്ടു
രേണു സിങ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വെളിച്ചത്ത് വന്നത്. പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 318(4) തട്ടിപ്പിനാണ് കേസ്. ഒളിവിലുള്ള ദമ്പതികള്‍ക്കായുള്ള തെരച്ചില്‍ യുപി പൊലീസ് ഊർജിതമാക്കി. ഇവർ വിദേശത്തേക്ക് കടന്നുവെന്നാണ് സൂചന.