ബിനാമി ഭൂമിയിടപാട് കേസിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന് ആശ്വാസം. ബിനാമി ഭൂമിയിടപാട് വിരുദ്ധ അപ്പലേറ്റ് ട്രിബ്യൂണൽ പവാറിന് ക്ലീൻ ചിറ്റ് നൽകി. 2021ല്‍ കണ്ടുകെട്ടിയ 1000 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ക്കു മേലുള്ള കേസ് ഒഴിവാക്കുകയും ചെയ്തു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി പവാർ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിന് അനുകൂലമായ വിധി വരുന്നത്.
മതിയായ തെളിവുകളില്ലെന്ന് കാട്ടിയാണ് ട്രിബ്യൂണല്‍ അജിത് പവാറിനെതിരായ ചാർജുകള്‍ റദ്ദാക്കിയത്. നിയമാനുസൃതമായ സാമ്പത്തിക മാർഗങ്ങൾ ഉപയോഗിച്ചാണ് സ്വത്തുക്കള്‍ വാങ്ങിയതെന്ന് ട്രിബ്യൂണലിനു മുന്നില്‍ തെളിയിക്കാനും പവാറിന് സാധിച്ചു. ബിനാമി സ്വത്തുക്കളും പവാർ കുടുംബവും തമ്മിൽ ബന്ധമുള്ളതായി സ്ഥാപിക്കുന്നതില്‍ ആദായ നികുതി വകുപ്പ് പരാജയപ്പെടുകയും ചെയ്തു.
2021 ഓക്ടോബർ 7ന് അജിത് പവാറും കുടുംബവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ആദയനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ബിനാമി ഭൂമി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. സത്താറയിലെ പഞ്ചസാര ഫാക്ടറി, ഡൽഹിയിലെ ഫ്ലാറ്റ്, ഗോവയിലെ റിസോർട്ട് തുടങ്ങി നിരവധി സ്വത്തുക്കൾ കേസിൽ കണ്ടുകെട്ടുകയും ചെയ്തു. എന്നാല്‍ ഈ വസ്തുക്കളൊന്നും പവാറിന്‍റെ പേരില്‍ രജിസ്റ്റർ ചെയ്തവയല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.