NEWSROOM

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി; ബംഗാളിലെ മുന്‍ എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്ത് സിപിഎം

മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ തന്മയ് ഭട്ടാചാര്യ ഈ ആരോപണം നിഷേധിച്ചു.

Author : ന്യൂസ് ഡെസ്ക്



മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ബംഗാളിലെ സിപിഎം മുന്‍ എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍. തന്മയ് ഭട്ടാചാര്യയ്‌ക്കെതിരെയാണ് പാര്‍ട്ടി നടപടി. അഭിമുഖത്തിനായി വീട്ടിലെത്തിയപ്പോള്‍ മോശമായി പെരുമാറി എന്നാണ് പരാതി.

മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ തന്മയ് ഭട്ടാചാര്യ ഈ ആരോപണം നിഷേധിച്ചു.

ജോലിയുടെ ഭാഗമായി കണ്ടപ്പോള്‍ മുന്‍ എംഎല്‍എ തന്റെ മടിയില്‍ ഇരുന്നു എന്നാണ് മാധ്യമപ്രവര്‍ത്തക ബാരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. നേരത്തെയും ഭട്ടാചാര്യ തന്റെ പരിചയം മുതലെടുത്ത് പെരുമാറാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അന്നൊന്നും പരാതി നല്‍കാതിരുന്നത് അത് ആ തരത്തില്‍ സമീപിക്കുന്നതാവില്ല എന്ന വിശ്വാസത്തിലാണെന്നും മാധ്യമപ്രവര്‍ത്തക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് യുവതി പങ്കുവെച്ച ഫേസ്ബുക്ക് ലൈവ് കണ്ട് ഞെട്ടി പോയെന്നാണ് ഭട്ടാചാര്യയുടെ പ്രതികരണം. താന്‍ മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ തന്റെ വീടിന് തൊട്ടടുത്തുള്ള ബാരാനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് അപ്പോള്‍ തന്നെ പോകാമായിരുന്നില്ലേ എന്നും പരാതി നല്‍കാമായിരുന്നില്ലേ എന്നും ഭട്ടാചാര്യ ചോദിച്ചു.

എന്നാല്‍ ആരോപണം ഉയര്‍ന്നതിന് തൊട്ടുപിന്നാലെ തന്നെ സിപിഎം ഭട്ടാചാര്യയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി പ്രസ്താവന പുറത്തിറക്കി.

'യുവതി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ തന്മയ് ഭട്ടാചാര്യയെ സസ്‌പെന്‍ഡ് ചെയ്യുകയാണ്. പരാതി ഇന്റേര്‍ണല്‍ കംപ്ലയിന്‍സ് കമ്മിറ്റിക്ക് (ഐസിസി) കൈമാറിയിട്ടുണ്ട്. ഐസിസിയുടെ തുടര്‍ന്നുള്ള നിര്‍ദേശങ്ങളും കണ്ടെത്തലുകളും അടിസ്ഥാനമാക്കിയായിരിക്കും ഈ വിഷയത്തില്‍ ഇനി തീരുമാനമെടുക്കുക,' പ്രസ്താവനയില്‍ പറയുന്നു.



SCROLL FOR NEXT