NEWSROOM

മുർഷിദാബാദിൽ സ്ഥിതി നിയന്ത്രണവിധേയം; ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ബംഗാൾ സർക്കാർ

ജില്ലയിലെ അക്രമം അടിച്ചമർത്താൻ പൊലീസും ഭരണകൂടവും മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധം ആക്രമാസക്തമായതിന് പിന്നാലെ സ്ഥിതി നിയന്ത്രണവിധേയമായെന്ന് ബംഗാൾ സർക്കാർ. മുസ്ലിം ഭൂരിപക്ഷമുള്ള മുർഷിദാബാദ് ജില്ലയിൽ സ്ഥിതി നിയന്ത്രണവിധേയമായെന്ന് ബംഗാൾ സർക്കാർ കൊൽക്കത്ത ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.



മുർഷിദാബാദിൽ വർഗീയ കലാപത്തിനിടെ ബോംബ് സ്‌ഫോടനങ്ങൾ നടന്നു. അക്രമത്തെക്കുറിച്ചുള്ള അന്വേഷണം എൻ‌ഐ‌എ കൈമാറണമെന്ന് അപേക്ഷിക്കുകയും ചെയ്ത് കൊണ്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഹർജി സമർപ്പിച്ചിരുന്നു. ജസ്റ്റിസുമാരായ സൗമെൻ സെൻ, രാജ ബസു ചൗധരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കുന്നതിനിടെയായരുന്നു സർക്കാർ കോടതിയെ സ്ഥിതിഗതികൾ അറിയിച്ചത്. ജില്ലയിലെ അക്രമം അടിച്ചമർത്താൻ പൊലീസും ഭരണകൂടവും മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.


ജില്ലയിലെ സ്ഥിതിഗതി കണക്കിലെടുത്ത് മുർഷിദാബാദിൽ സിഎപിഎഫിൻ്റെ വിന്യാസം കൂടുതൽ സമയത്തേക്ക് നീട്ടണമെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ അപേക്ഷിച്ചു. മുർഷിദാബാദിലെ സുതി, സംസർഗഞ്ച്-ധുലിയൻ എന്നിവിടങ്ങളിലെ പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിലവിൽ 17 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.


അക്രമത്തിൽ കുടിയിറക്കപ്പെട്ട ആളുകളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് മറ്റൊരു ഹർജിക്കാരനും അപേക്ഷിച്ചു. അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട് നിരവധി പേർ തൊട്ടടുത്തുള്ള മാൾഡ ജില്ലയിലെ ഒരു സ്കൂൾ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയിട്ടുണ്ടെന്ന് ഹർജിക്കാരൻ അവകാശപ്പെട്ടു. ദുരിതബാധിതരായ ചില കുടുംബങ്ങൾ ഇതിനകം തന്നെ അവരുടെ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ടെന്നായിരുന്നു സർക്കാരിൻ്റെ വാദം.

SCROLL FOR NEXT