കൊൽക്കത്തയിലെ രാജ് ഭവനിൽ താൻ സുരക്ഷിതനല്ലെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. കൊൽക്കത്ത പൊലീസിന്‍റെ പുതിയ സംഘം രാജ് ഭവന്‍റെ സുരക്ഷ ചുമതല ഏറ്റെടുത്ത സാഹചര്യത്തിലാണ് ഗവർണറുടെ പ്രതികരണം.
പൊലീസ് ഉദ്യോഗസ്ഥരോട് രാജ് ഭവൻ പരിസരത്തു നിന്നും പിന്മാറുവാൻ ദിവസങ്ങൾക്ക് മുൻപ് തന്നെ ഗവർണർ നിർദേശം നൽകിയിരുന്നെങ്കിലും അവർ പിൻവാങ്ങാൻ കൂട്ടാക്കിയില്ല. ഈ സാഹചര്യത്തിലാണ് താൻ സുരക്ഷാ ഭീക്ഷണി നേരിടുന്നു എന്ന ഗവർണർ പറഞ്ഞത്.
"കൊൽക്കത്ത പൊലീസിന്‍റെ സാന്നിധ്യത്തിൽ രാജ് ഭവനില്‍ ഞാൻ സുരക്ഷിതനല്ല എന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. നിലവിൽ പൊലീസിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥനും സംഘവും എന്‍റെ വ്യക്തിപരമായ സുരക്ഷയ്ക്ക് ഭീക്ഷണിയാണ്" , ബംഗാൾ ഗവർണർ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥർ രാജ് ഭവനിൽ ഇടപെടലുകൾ നടത്തുന്നുവെന്നും ഇതിനു പിന്നിൽ വെളിയിൽ നിന്നുള്ള സ്വാധീനങ്ങളുണ്ടെന്നും സർക്കാരിനെ ഗവർണർ അറിയിച്ചിട്ടുണ്ടെന്നാണ് രാജ് ഭവനോട് അടുത്ത കേന്ദ്രങ്ങൾ പി ടി ഐയെ അറിയിച്ചത്.
നിലവിൽ ഗവർണർക്ക് സി ആർ പി എഫിന്‍റെ പ്രത്യേക സുരക്ഷ ലഭിക്കുന്നുണ്ട്. രാജ് ഭവന് പുറത്ത് മാത്രമാണ് പൊലീസ് സുരക്ഷാ വലയം. രാജ് ഭവൻ സംസ്ഥാനത്തിന്‍റെ ഉടമസ്ഥതയിലുള്ള , പൊതുമരാമത്ത് വകുപ്പ് പരിപാലിച്ച് വരുന്ന പൗരാണിക കെട്ടിടമായതിനാലാണ് കൊൽക്കത്ത പൊലീസ് സംരക്ഷണം നൽകുന്നതെന്നും 1866 മുതൽ തുടർന്ന് വരുന്ന രീതിയാണിതെന്നും പൊലീസ് പറയുന്നു. കൂടാതെ, രാജ് ഭവൻ പരിസരത്ത് അനേകം മന്ത്രിമാർ താമസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് പിന്മാറണം എന്ന് ഗവർണർക്ക് ഏകപക്ഷീയമായി പറയാൻ സാധിക്കില്ല എന്നാണ് അധികൃതർ അറിയിക്കുന്നത്.
പശ്ചിമ ബംഗാളിലെ ഗവർണർ - സർക്കാർ പോര് 1967 ൽ ആരംഭിച്ചതാണ്. ബംഗാളിലെ ആദ്യ കോൺഗ്രസ് ഇതര സർക്കാരും ഗവർണർ ധർമേന്ദ്ര വീറുമായി നിരന്തരമായി വാക്പോരുകൾ നടന്നിരുന്നു. ഇത് കമ്മ്യൂണിസ്റ്റ് - തൃണമൂൽ സർക്കാരുകളുടെ കാലങ്ങളിലും തുടർന്നു. ഇതിന്‍റെ തുടർച്ചയായിരുന്നു സി വി ആനന്ദബോസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. അധികാരമേറ്റെടുത്ത കാലത്ത് ഗവർണറും സർക്കാരും തമ്മിൽ രമ്യതയിലായിരുന്നെങ്കിലും പിന്നീട് ആ ബന്ധം വഷളാകുകയായിരുന്നു. ആനന്ദബോസ് അപമര്യാദയായി പെരുമാറി എന്ന് രാജ് ഭവനിലെ താത്കാലിക ജീവനക്കാരി പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് രാഷ്ട്രീയ അജണ്ടയാണെന്ന് ആരോപിച്ച ആനന്ദ ബോസ് പൊലീസിനെ രാജ് ഭവനിൽ കടക്കുന്നതില്‍ നിന്നും വിലക്കി. എന്നാൽ സുരക്ഷാ കാരണങ്ങളാൽ സർക്കാർ വീണ്ടും പൊലീസിനെ വിന്യസിച്ചു. ഈ സുരക്ഷാ സംവിധാനം നിലവിൽ വന്നതിനു പിന്നാലെയാണ് രാജ് ഭവനില്‍ താന്‍ സുരക്ഷിതനല്ല എന്ന ആനന്ദബോസിന്‍റെ ആരോപണം.